‘വീഡിയോ കോൾ ചെയ്താൽ അവസരം കിട്ടും; ലൈംഗിക അതിക്രമത്തെപ്പറ്റി പരാതിപ്പെട്ടപ്പോൾ ഫെഫ്ക ഭാരവാഹികൾ ഭീഷണിപ്പെടുത്തി’

തൃശൂർ: സിനിമാ സെറ്റിൽ ലൈംഗികാതിക്രമത്തിനിരയായെന്ന ആരോപണവുമായി വനിതാ മേക്കപ്പ് ആർട്ടിസ്റ്റ്. മേക്കപ്പ് ആർട്ടിസ്റ്റ് ഷാജി പുൽപ്പള്ളിക്കെതിരെയാണ് തൃശൂർ സ്വദേശിനിയായ യുവതിയുടെ ആരോപണം.
കൂടുതൽ അവസരം ലഭിക്കണമെങ്കിൽ വീഡിയോ കോൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും യുവതി ആരോപിച്ചു. പരാതിയുമായി ചലച്ചിത്ര പിന്നണി പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയുടെ ഭാരവാഹികളെ സമീപിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.

സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ അതിജീവിതകൾക്ക് പരാതിപ്പെടാനും കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിനെ ഫെഫ്‌ക നേരത്തെ സ്വാഗതം ചെയ്‌തിരുന്നു. അതിജീവിതമാരെ പരാതി നൽകുന്നതിലേക്കും നിയമപരമായ നടപടികളിലേക്കും സന്നദ്ധരാക്കാനും സാദ്ധ്യമായ എല്ലാ നിയമ സഹായങ്ങളും അവർക്ക് ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും സംഘടന അറിയിച്ചിരുന്നു. ഇതിനിടയിലാണ് പരാതി പറഞ്ഞതിന്ന സംഘടന ഭാരവാഹികൾ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് യുവതി രംഗത്തെത്തിയിരിക്കുന്നത്.


Source link
Exit mobile version