കേരളത്തില്‍ മൂന്ന് പുതിയ സ്റ്റേഡിയങ്ങള്‍ വരുന്നു, പദ്ധതികള്‍ക്ക് പിന്നില്‍ വമ്പന്‍മാര്‍

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പ്രഥമ സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ സീസണിന് പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. കേരളം പോലെ ഫുട്‌ബോളിന് വലിയ ജനകീയതയുള്ള സംസ്ഥാനത്ത് സൂപ്പര്‍ ലീഗ് വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ഒപ്പം തന്നെ അധികൃതരും. വമ്പന്‍മാരായ മഹീന്ദ്ര ഗ്രൂപ്പാണ് ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍. ഡയറി രംഗത്തെ വമ്പന്‍മാരായ അമൂലും കേരള സൂപ്പര്‍ ലീഗിന്റെ സ്‌പോണ്‍സര്‍മാരില്‍ ഒരാളാണ്.

വമ്പന്‍ ബ്രാന്‍ഡുകള്‍ സ്‌പോണ്‍സര്‍മാരാകുമ്പോള്‍ ലീഗ് വന്‍ ഹിറ്റാകുമെന്ന് തന്നെയാണ് പ്രതീക്ഷ. അതോടൊപ്പം തന്നെ വിവിധ ടീമുകളെ ഏറ്റെടുത്തിട്ടുള്ള ഉടമസ്ഥരും വമ്പന്‍മാരാണ്. അദാനി ഗ്രൂപ്പ് ആണ് തിരുവനന്തപുരം ആസ്ഥാനമായ തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സിയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍. നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫോഴ്‌സ കൊച്ചി എഫ്.സി. മറ്റ് ടീമുകളുടെ ഉടമസ്ഥതയിലും പ്രമുഖര്‍ അണിനിരക്കുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഹോട്‌സ്റ്റാര്‍ എന്നീ പ്ലാറ്റ്‌ഫോമുകളില്‍ മത്സരങ്ങളുടെ തത്സമയ ടെലികാസ്റ്റിംഗും ഉണ്ടാകും.

കേരളത്തിലെ കായിക വ്യവസായത്തിന് തന്നെ സൂപ്പര്‍ ലീഗും കേരള ക്രിക്കറ്റ് അസോസിയേഷന്റെ കെപിഎല്ലും മുതല്‍ക്കൂട്ടാകുമെന്നകാര്യത്തില്‍ തര്‍ക്കമില്ല. ഇപ്പോള്‍ കേരള സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ സംസ്ഥാനത്ത് മൂന്ന് പുതിയ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ പണികഴിപ്പിക്കുമെന്നതാണ്. സൂപ്പര്‍ ലീഗ് കേരളയുടെ ഉടമസ്ഥതയില്‍ കൊച്ചിയില്‍ ഫുട്ബോളിന് മാത്രമായി സ്റ്റേഡിയം പണിയുമെന്ന് കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാന്‍ പറഞ്ഞു. സ്റ്റേഡിയം പണിയാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മറ്റ് പേപ്പര്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

തിരുവനന്തപുരം കൊമ്പന്‍സ്, മലപ്പുറം എഫ്.സി ടീമുകളും സ്വന്തമായി ഹോംഗ്രൗണ്ട് പണിയാനുള്ള ഒരുക്കത്തിലാണ്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സ്റ്റേഡിയം നിര്‍മാണത്തിനായി 300 കോടി രൂപ മുടക്കാനാണ് തിരുവനന്തപുരം ഫ്രാഞ്ചൈസി ലക്ഷ്യമിടുന്നത്. 30,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള സ്റ്റേഡിയമാണ് തിരുവനന്തപുരത്ത് നിര്‍മിക്കുക. മലപ്പുറം ഫ്രാഞ്ചൈസിയും പുതിയ സ്റ്റേഡിയമെന്ന ലക്ഷ്യത്തിന് പിന്നാലെയാണ്. ഫുട്‌ബോളിന് മാത്രമായിട്ടാണ് മൂന്ന് രാജ്യാന്തര നിലവാരത്തിലുള്ള സ്‌റ്റേഡിയങ്ങള്‍ പണികഴിപ്പിക്കുക.


Source link
Exit mobile version