തിരുവനന്തപുരം: കേരളത്തിൽ സമൃദ്ധമായ തോറിയം അടിസ്ഥാനമാക്കിയുള്ള ആണവ വൈദ്യുതി നിലയം സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ കെ.എസ്.ഇ.ബി.ശ്രമം തുടങ്ങി. ബംഗളുരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സാദ്ധ്യതാ പഠനം നടത്തും. തൃശൂരിലെ അതിരപ്പിള്ളിയും കാസർകോട്ടെ ചീമേനിയും പരിഗണനയിലുണ്ട്. ഇവ അനുയോജ്യമാണോ, മറ്റ് സ്ഥലങ്ങളുണ്ടോ എന്ന് പരിശോധിക്കും. റിപ്പോർട്ട് അനുകൂലമെങ്കിൽ മറ്റ് നടപടികളിലേക്ക് കടക്കും.
കരിമണൽ ശേഖരമുള്ള കായംകുളത്ത് എൻ.ടി.പി.സി.ക്ക് 1180 ഏക്കറുണ്ട്. അതിൽ 600 ഏക്കറിൽ തോറിയം നിലയമുണ്ടാക്കാം. 385 മെഗാവാട്ട് ശേഷിയുള്ള കായംകുളം താപവൈദ്യുത നിലയത്തിൽ നിലവിൽ വൈദ്യുതി ഉത്പാദനമില്ല. ഇവിടത്തെ സാധ്യതയും പഠിക്കും.
ആണവനിലയത്തിന് തീരദേശത്താണെങ്കിൽ 625 ഏക്കറും മറ്റിടങ്ങളിൽ 960 ഏക്കറും വേണം. ക്വാർട്ടേഴ്സിനും ഓഫീസ് സമുച്ചയങ്ങൾക്കും വേറെയും സ്ഥല വേണം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതി കിട്ടിയ ശേഷമായിരിക്കും ചെലവുൾപ്പെടെയുള്ള പദ്ധതി റിപ്പോർട്ട് തയ്യാറാക്കുക.
ജലവൈദ്യുതി പദ്ധതിക്കാണ് സംസ്ഥാനം മുൻഗണന നൽകുന്നത്. പരിസ്ഥിതി പ്രശ്നങ്ങൾ അതിനുള്ള സാദ്ധ്യത കുറച്ചു. ഇതോടെയാണ് മറ്റ് സാദ്ധ്യതകൾ തേടുന്നത്. കേരള തീരത്ത് സുലഭമായ തോറിയം അടിസ്ഥാനമാക്കിയുള്ള 440 മെഗാവാട്ട് ആണവ നിലയമാണ് പരിഗണനയിൽ. ഇതിനായി ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡിലെ വിദഗ്ദ്ധ സംഘം മുംബയിലെ ഭാഭാ ആണവ ഗവേഷണ കേന്ദ്രം (ബാർക്) സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു.
തോറിയം സമൃദ്ധം
ലോകത്തെ തോറിയം ശേഖരത്തിന്റെ 30 ശതമാനവും കേരള കടൽത്തീരത്താണ്. തോറിയം സമൃദ്ധമാണ് ഇവിടത്തെ കരിമണൽ. തോറിയം ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ വൈദ്യുതിയുണ്ടാക്കാമെന്ന് നിർദ്ദേശമുണ്ട്. തോറിയം ആണവ നിലയം തമിഴ്നാട്ടിലെ കൽപാക്കത്ത് സ്ഥാപിച്ചിട്ടുണ്ട്. കേരള സംഘം ഈ നിലയവും സന്ദർശിച്ച് പഠനം നടത്തി. തോറിയത്തെ യുറേനിയം 233 ഐസോടോപ്പ് ആക്കി അതുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് കൽപാക്കം പ്ലാന്റ്. ഇത് കേരളത്തിന് അനുയോജ്യമാണെന്ന് വിലയിരുത്തിയിട്ടുണ്ട്.
നയപരമായ തീരുമാനം ഇല്ല
ആണവനിലയം സ്ഥാപിക്കുന്നതിൽ സർക്കാരോ,ഇടതുമുന്നണിയോ നയപരമായ തീരുമാനമെടുത്തിട്ടില്ല. ഇടതുമുന്നണിയിൽ ചർച്ചയായിട്ടുമില്ല.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ച വൈദ്യുതി ഉൽപാദന, വികസന നിർദ്ദേശങ്ങളിൽ ആണവനിലയം ഉൾപ്പെടുത്തിയിട്ടുണ്ട്.
Source link