‘ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രതിയായ മുകേഷ് ഉൾപ്പെടെ വായിച്ചു, എന്തൊക്കെയാണ് ഈ സർക്കാർ കാട്ടുന്നത്’; വി ഡി സതീശൻ

തിരുവനന്തപുരം: മുകേഷ് എംഎൽഎ സ്ഥാനം രാജി വയ്‌ക്കണമെന്ന് തന്നെയാണ് ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഞങ്ങൾ ആദ്യം തന്നെ നിലപാട് അറിയിച്ചതാണ്. എന്നാൽ, രാജി വയ്‌ക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത് മുകേഷും സിപിഎമ്മുമാണെന്നും അദ്ദേഹം പറഞ്ഞു.
വിഡി സതീശന്റെ വാക്കുകൾ :
മുകേഷ് രാജി വയ്‌ക്കണം. പക്ഷേ, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുകേഷും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയായ സിപിഎമ്മുമാണ്. സിപിഎമ്മാണ് ഇതിനകത്ത് പ്രതിക്കൂട്ടിൽ നിൽക്കുന്നത്. കാരണം, ഒന്നല്ല എത്രയോ കേസുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മഹിളാ കോൺഗ്രസ് ഉൾപ്പെടെയുള്ള ഞങ്ങളുടെ സംഘടനകൾ പ്രതിഷേധിക്കുകയാണ്. മുകേഷ് രാജി വയ്‌ക്കുന്നതാണ് ഉചിതം. രഞ്ജിത്തിന്റെ കാര്യത്തിലും അതുതന്നെയാണ് പറഞ്ഞത്.
നിരന്തരമായി ഇത്തരം ആരോപണങ്ങൾ വരുന്നയാൾക്ക് സിപിഎം സംരക്ഷണം നൽകുകയാണ്. മാത്രമല്ല, സിനിമാ നയ രൂപീകരണ കമ്മിറ്റിയിലും അദ്ദേഹം അംഗമാണ്. 2023ലാണ് പത്ത് അംഗങ്ങളെ വച്ചത്. രണ്ടുപേർ അതിൽ നിന്നും മാറി. രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ചിട്ട് ശുപാർശകൾ നൽകണമെന്നാണ് അവർ പറഞ്ഞത്. അപ്പോൾ മുകേഷ് ഉൾപ്പെടെയുള്ളവർ ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ചു. ഇത് പുറത്തുകൊടുക്കരുതെന്നാണ് ഹേമ കമ്മിറ്റി ഉൾപ്പെടെ സർക്കാരിനോട് ആവശ്യപ്പെട്ടത്. പ്രതിക്കാണ് റിപ്പോർട്ട് വായിക്കാൻ കൊടുത്തത്. സർക്കാർ എന്തൊക്കെയാണ് ചെയ്‌തത്.
Source link