‘വല്ല കള്ളക്കേസും ആണെങ്കിൽ പിന്നെ ഉള്ളത് ഞങ്ങൾ തീരുമാനിക്കും, ജയേട്ടനാണ് വലുത്’; ഭീഷണി സന്ദേശം പങ്കുവച്ച് നടി

തനിക്ക് ഭീഷണി സന്ദേശം വന്നെന്ന വെളിപ്പെടുത്തലുമായി നടൻ ജയസൂര്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച നടി. ഫേസ്ബുക്കിലൂടെയാണ് അവർ ഇക്കാര്യം പുറത്തുവിട്ടത്. നിഥിൻ സൂര്യ എന്ന അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം വന്നത്. ജയസൂര്യയുടെ ഫോട്ടോയാണ് ഈ അക്കൗണ്ടിൽ പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചിരിക്കുന്ന്.
‘ഡീ കോപ്പേ വല്ല കള്ളക്കേസും ആണെങ്കിൽ പിന്നെ ഉള്ളത് ഞങ്ങൾ തീരുമാനിക്കും. ഞങ്ങൾക്ക് ജയേട്ടനാണ് വലുത്’, ‘നിന്റെ ഫുൾ ഡീറ്റെയിൽസ് നമുക്ക് അറിയാം, അതൊക്കെ ന്യൂസ് ചാനൽ വഴി പുറത്തേക്ക് വിടും’- എന്നൊക്കെയാണ് ഈ അക്കൗണ്ടിൽ നിന്ന് നടിക്ക് വന്ന സന്ദേശങ്ങൾ.
നടിയുടെ പരാതിയിൽ ജയസൂര്യയ്‌ക്കെതിരെ നേരത്തെ ലെെംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ജയസൂര്യയ്‌ക്ക് എതിരെ കേസെടുത്തത്. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്ത് വച്ച് കടന്നുപിടിച്ച് ലെെംഗികമായി അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി.
ലെെംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ജയസൂര്യയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. നടിയുടെ വീട്ടിലെത്തിയാണ് ഡിഐജി അജിതാ ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തത്. ഇതിന് പിന്നാലെയാണ് ജയസൂര്യയ്‌ക്കെതിരെ കേസെടുത്തത്. ജയസൂര്യ അടക്കം സിനിമാ മേഖലയിലെ ഏഴുപേർക്കെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്.
Source link