11 വർഷത്തെ ഒളിജീവിതത്തിന് അന്ത്യം , ‘മരിച്ച’ മുൻ പ്രോസിക്യൂട്ടർ ഡ്രൈവിംഗ് ലൈസൻസ് പുതുക്കി;പൊലീസ് പൊക്കി

കൊച്ചി: നാട്ടുകാരെ 90ലക്ഷത്തോളം രൂപ പറ്റിച്ച് 11 വർഷം മുമ്പ് തൊടുപുഴയിൽ നിന്ന് മുങ്ങിയ മുൻ പബ്ലിക് പ്രോസിക്യൂട്ടറെ കോഴിക്കോട്ടെ ബന്ധു വീട്ടിൽ നിന്ന് പൊലീസ് പിടികൂടി. തൊടുപുഴ മുട്ടം മരിയൻ മയിലാടിയിൽ എം.എം. ജെയിംസ് ( 65) ആണ് കസ്റ്റഡിയിലായത്.​ഇയാളെ മരിച്ചതായി കണക്കാക്കി സാമ്പത്തിക ബാദ്ധ്യത എഴുതിത്തള്ളാൻ കുടുംബം കോടതിയെ സമീപിച്ചിരുന്നു. വയനാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയത് കണ്ടെത്തിയാണ് പൊലീസ് കുടുക്കിയത്.

തൊടുപുഴ ജില്ലാ സെഷൻസ് കോടതിയിലെ പ്രോസിക്യൂട്ടറായിരുന്നു.

രണ്ട് തവണ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. വഞ്ചനക്കേസും നിലവിലുണ്ട്. ഇതോടെ മുൻപ്രോസിക്യൂട്ടറെ പ്രോസിക്യൂട്ട് ചെയ്യാൻ കളമൊരുങ്ങി. തിരോധാനം വീട്ടുകാരുടെ ഒത്താശയോടെയുള്ള നാടകമാണോ എന്നും സംശയമുണ്ട്.

ബിസിനസിനും മറ്റുമായി നിരവധി പേരിൽ നിന്ന് പണം വാങ്ങിയ ഇയാൾ

2013ലാണ് നാടുവിട്ടത്. മേപ്പാടി വനമേഖലയോട് ചേർന്ന് കൃഷിയുമൊക്കെയായി ജെയിംസെന്ന പേരിൽ തന്നെ കഴിയുകയായിരുന്നു. 2019ലാണ് തിരോധാനം പൊലീസ് കേസായത്. മുട്ടം പൊലീസിന്റെ അന്വേഷണം വഴിമുട്ടി. അന്വേഷണം നിലച്ചെന്ന് കരുതി ലൈസൻസ് പുതുക്കിയതാണ് നിയമവിദഗ്ദ്ധന് കുരുക്കായത്.
സാമ്പത്തിക ബാദ്ധ്യത എഴുതിത്തള്ളണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ പണം നഷ്ടമായവർ കോടതിയിൽ എതിർത്തു. ആൾ ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പാക്കാൻ കോടതി ഉത്തരവിട്ടു. രണ്ടാഴ്ച മുമ്പ് ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ആർ. ബിജുവിന്റെ മേൽനോട്ടത്തിൽ എസ്.പി വിഷ്ണു പ്രദീപിന്റെ പ്രത്യേക സംഘം രംഗത്തിറങ്ങി.

പൊലീസ് പോയവഴികൾ

പഴയ മൊബൈൽ നമ്പരുകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ചു. ഇടുക്കിയിലെ അക്കൗണ്ടുകൾ നിർജീവമായിരുന്നു. എറണാകുളം തോപ്പുംപടിയിലെ സ്വകാര്യബാങ്കിലെ അക്കൗണ്ടിൽ അടുത്തിടെ ഇടപാടുകൾ നടത്തിയെന്ന് കണ്ടെത്തിയത് വഴിത്തിരിവായി.ആൾ ജീവിച്ചിരിപ്പുണ്ടെന്ന് നിഗമനം.

ലൈസൻസ് പുതുക്കാൻ നൽകിയ പുതിയ ഫോൺ നമ്പറും വിലാസവും ഉരുൾപൊട്ടലുണ്ടായ മേപ്പാടിയിലേതായിരുന്നു. അവിടെയും ഇയാളെ കണ്ടെത്തിയില്ല.

പുതിയ നമ്പരിന്റെ ടവർ ലൊക്കേഷൻ കോഴിക്കോടായിരുന്നു. ചൊവ്വാഴ്ച രാവിലെ കസ്റ്റഡിയിൽ എടുത്തു. ഇന്നലെ തൊടുപുഴ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.


Source link
Exit mobile version