ഗുരുവായൂരപ്പന് തൃപ്പുത്തരി നിവേദ്യം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ തൃപ്പുത്തരിച്ചടങ്ങ് ആഘോഷിച്ചു. രാവിലെ 9.35 മുതൽ 11.40 വരെയായിരുന്നു ചടങ്ങുകൾ. തൃപ്പുത്തരിയുടെ ശുഭമുഹൂർത്തത്തിൽ പത്തുകാർ വാര്യർ 41 നാരായം പുന്നെല്ല് കുത്തിയുണക്കി ഉണ്ടാക്കിയ കുത്തരി അളന്നുചൊരിഞ്ഞു. ഈ കുത്തരി കൊണ്ട് ക്ഷേത്രം കീഴ്ശാന്തിമാർ തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കി. ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ഉച്ചപൂജയ്ക്ക് ഭഗവാന് പുത്തരി നിവേദിച്ചു. അപ്പവും, പഴംനുറുക്കും, ഉപ്പുമാങ്ങയും, പത്തില കറികളും, കാളൻ, എരിശ്ശേരി, പഴപ്രഥമൻ, ഉറത്തൈര്, വെണ്ണ, വറുത്തുപ്പേരി, ചുണ്ടങ്ങ വറുത്തത് എന്നീ വിഭവങ്ങളും നിവേദിച്ചു.
പുത്തരി നിവേദ്യത്തിനുശേഷം ഉച്ച ശീവേലിയുമുണ്ടായിരുന്നു. 13 കീഴ്ശാന്തി നമ്പൂതിരി കുടുംബങ്ങളിലെ നൂറിലേറെപേർ ചേർന്ന് രണ്ടായിരത്തിലേറെ നാളികേരം ചിരകിയെടുത്ത് പിഴിഞ്ഞ നാളികേരപ്പാലും, അരി, ശർക്കര, പഴം എന്നിവയും ചേർത്താണ് 1,200 ലിറ്റർ പുത്തരി പായസം തയ്യാറാക്കിയത്. ഉച്ചപൂജയ്ക്ക് ശേഷം പുത്തരി പായസം ഭക്തർക്ക് വിതരണം ചെയ്തു.
Source link