KERALAMLATEST NEWS

വയനാടിന് കൈത്താങ്ങാകാൻ മൂന്നാം ക്ലാസുകാരിയുടെ കമ്മൽ

തൃശൂർ: വയനാട് ദുരന്തമറിഞ്ഞപ്പോൾ മുതൽ മൂന്നാം ക്ളാസുകാരി അസ്മ ഫാത്തിമയുടെ മുഖം മ്ലാനമായിരുന്നു. മൃതദേഹങ്ങൾ ചെളിയിൽ ആഴ്ന്ന ദൃശ്യങ്ങൾ ആ കുഞ്ഞുമനസിനെ കരയിച്ചു. ടി.വിയിലൂടെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ കണ്ടതോടെ 2018ലെ പ്രളയകാലം ഓർത്തു. അന്ന് ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം ക്യാമ്പിൽ കഴിഞ്ഞതിന്റെ ഓർമ്മ അസ്മയെ അലട്ടിയിരിക്കണം.

തുടർന്ന് അവൾ പിതാവിനോട് ചോദിച്ചു ‘അവിടെ കഷ്ടപ്പെടുന്നവർക്ക് ഞാനെന്റെ കമ്മൽ കൊടുത്തോട്ടെ ഉപ്പച്ചീ’. ചോദ്യം കേട്ടപ്പോൾ പൊതുപ്രവർത്തകനായ ഒരുമനയൂർ കെട്ടുങ്ങൽ രായ്മരയ്‌ക്കാർ വീട്ടിൽ സജിലിന്റെ കണ്ണു നനഞ്ഞു. കൊടുക്കാമെന്ന് ഉറപ്പുനൽകി. തുടർന്ന് ഇന്നലെ കളക്ടറേറ്റിലെത്തി മന്ത്രി കെ. രാജന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാല് ഗ്രാമോളമുള്ള കമ്മൽ കൈമാറി. സി.പി.ഐ ഒരുമനയൂർ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയായ സജിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. മാതാവ് സഫിയ ഹൃദ്രോഗിയാണ്. കുഞ്ഞിന് ഇനിയെന്ന് കമ്മൽ വാങ്ങിക്കൊടുക്കാനാകുമെന്ന് ഉറപ്പില്ല. ഈയവസ്ഥയിലും കുഞ്ഞുമനസിനെ ഉമ്മ ഹയറുന്നീസയും പിന്തുണച്ചു. ഒരുമനയൂർ ഐ.ഡി.സി സ്‌കൂൾ വിദ്യാർത്ഥിയാണ് അസ്മ ഫാത്തിമ. അസാൻ (എൽ.കെ.ജി), അയാൻ (രണ്ടര വയസ്) എന്നിവരാണ് സഹോദങ്ങൾ.


Source link

Related Articles

Back to top button