വയനാട് ദുരന്തം: ഡി.എൻ.എ പരിശോധനയിൽ 36 പേരെ തിരിച്ചറിഞ്ഞു

കൽപ്പറ്റ: ജൂലായ് 30 ന് മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 36 പേരെക്കൂടി ഡിഎൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ല കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുൾപ്പെടെ 73 സാമ്പിളുകളാണ് രക്തബന്ധുക്കളിൽ നിന്ന് ശേഖരിച്ച ഡി.എൻ.എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നിൽക്കൂടുതൽ ശരീരഭാഗങ്ങൾ ലഭിച്ചതായി പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂർ ഫോറ

ൻസിക് സയൻസ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്.

ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും സംസ്‌കരിക്കുന്നതിനും ഡി.എൻ.എ പരിശോധനയ്ക്കു സാമ്പിളുകൾ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകിയാണ് സംസ്‌കരിച്ചത്. കാണാതായ 36 പേരെ ഡി.എൻ.എ ഫലങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞതിനാൽ അവരുടെ വിലാസവും മറ്റ് വിശദാംശങ്ങളും കൃത്യമായി ശേഖരിച്ചിട്ടുണ്ട്.

മൃതദേഹങ്ങൾ വിട്ടുനൽകും

ഡി.എൻ.എ പരിശോധയിൽ തിരിച്ചറിഞ്ഞ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികൾ സബ് ഡിവിഷണൽ മജിസ്‌ട്രേട്ട് കൂടിയായ മാനന്തവാടി സബ് കളക്ടർക്ക് (ഫോൺ 04935 – 240222) അപേക്ഷ നൽകിയാൽ അവ പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും അവസരമുണ്ടാകും. സബ് ഡിവിഷണൽ മജിസ്‌ട്രേട്ടിന് ഇതിനുള്ള അധികാരം നൽകിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് കണ്ടെടുത്ത ഭൗതിക വസ്തുക്കൾ സംബന്ധിച്ചും ആവശ്യമായ ഉത്തരവുകൾ എസ്.ഡി.എം ന് പുറപ്പെടുവിക്കാം. മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവിൽ സംസ്‌കരിച്ച സ്ഥലത്ത് തുടരാൻ ആഗ്രഹിക്കുന്ന ബന്ധുക്കൾക്ക് അതിനുള്ള സൗകര്യവും ചെയ്യും. മരിച്ചയാളുടെ പേരും മറ്റ് വിശദാംശങ്ങളും ഉപയോഗിച്ച് തിരിച്ചറിയൽ അടയാളങ്ങൾ സ്ഥാപിക്കാൻ ബന്ധുക്കളെ അനുവദിക്കുമെന്നും ജില്ല കളക്ടറുടെ ഉത്തരവിൽ പറയുന്നു.

 കാണാമറയത്ത് ഇനിയും 86 പേർ

മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാമറയത്ത് ഉള്ളത് 119പേരായിരുന്നു. ഇതിൽ 36 പേരെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞത്. ഇനി 86 പേരാണ് കാണാമറയത്തുള്ളത്. ദുരന്തം നടന്ന് ഒരു മാസം പിന്നിടുമ്പോഴും ഇത്രയുംപേരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടികൾ ഉൾപ്പെടെ കാണാമറയത്തുള്ളപ്പോഴും ഇവർക്കായുള്ള തെരച്ചിലിന് വേണ്ടത്ര വേഗതപോരെന്ന് ആക്ഷേപമുണ്ട്. രണ്ടാംഘട്ട തെരച്ചിൽ ആരംഭിച്ചില്ലെങ്കിലും ഒരു ദിവസം കൊണ്ട് മുടങ്ങി. കഴിഞ്ഞ ഞായറാഴ്ചയാണ് സൂചിപ്പാറ വനമേഖലയിൽ തെരച്ചിൽ നടത്തിയത്. ഇവിടെനിന്നു 5 ശരീരഭാഗങ്ങൾ ലഭിച്ചിരുന്നു. തെരച്ചിൽ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. എത്രപേർ ദുരന്തത്തിന് ഇരയായിട്ടുണ്ടെന്നുപോലും സർക്കാരിന്റെ പക്കൽ വ്യക്തമായ കണക്ക് ഇപ്പോഴും ഇല്ല.


Source link
Exit mobile version