KERALAMLATEST NEWS

മരണപ്രവാഹം മലയിറങ്ങിയ രാത്രി

ജൂലായ് 29 അർദ്ധരാത്രി. നൂറുകണക്കിന് മനുഷ്യരെ ജീവനോടെ ഉരുളെടുത്ത രാത്രി. മരണപ്രവാഹം മലയിറങ്ങിയ വാർത്തയുമായാണ് 30 പുലർന്നത്. മഴയും മഞ്ഞുമായി പ്രകൃതി പിന്നീട് ദിവസങ്ങളോളം മൂടിക്കെട്ടി നിന്നു. നോക്കെത്താദൂരത്തോളം തേയിലപ്പാടങ്ങൾക്കിടയിലൂടെ വേണം ദുരന്തമേഖലയിലേക്ക് ചെന്നെത്താൻ. മണ്ണും ജീവനും ഒരുമിച്ച് ഒലിച്ചിറങ്ങിയ താഴ്‌വര. ചെളിയുടെ ഗന്ധം. ആംബുലൻസുകളുടെ ഇടതടവില്ലാത്ത സൈറൺ. എല്ലാം നഷ്ടമായ മനുഷ്യരുടെ വിലാപങ്ങൾ. ഉടയോരില്ലാത്ത വളർത്തുമൃഗങ്ങൾ. മണ്ണിൽ പുതഞ്ഞുപോയ മനുഷ്യരെ പുറത്തെടുക്കുമ്പോൾ ആ മുഖങ്ങളിൽ അവശേഷിച്ചിരുന്നു ഭീതിയുടെ നിഴൽ. ഉറക്കത്തിൽ മരണം കവർന്ന ചെറിയ കുഞ്ഞുങ്ങളുടെ മണ്ണുപുരണ്ട ഉടലുകൾ. മേപ്പാടി പ്രൈമറി ഹെൽത്ത് സെന്ററിലൊരുക്കിയ താത്കാലിക മോർച്ചറിയിൽ നിന്ന് അംഗഭംഗങ്ങൾ സംഭവിച്ച ശരീരങ്ങളിൽ നിന്ന് കൈയിലെ മോതിരം കണ്ടും മൈലാഞ്ചി കണ്ടും ഉറ്റവരെ തിരിച്ചറിഞ്ഞ് തളർന്നുപോകുന്നവർ. പാഞ്ഞുവരുന്ന ആംബുലൻസുകളിൽ തങ്ങളുടെ ഉറ്റവർ ഉണ്ടായിരിക്കാമെന്ന ആകുലതയോടെ അതിനുചുറ്റും കൂടുന്ന നിസ്സഹായർ. മോർച്ചറിയിൽ പ്രതീക്ഷിക്കാത്ത മുഖങ്ങൾ കണ്ടു വിറങ്ങലിച്ചു നിന്നവർ.

ഇവിടെയായിരുന്നു എന്റെ വീട്

ഏതോ നാട്ടിൽ നിന്ന് ആരോ കൊടുത്ത വസ്ത്രം ധരിച്ച്, ആരോ കനിവോടെ നീട്ടിയ ഭക്ഷണം കഴിച്ച് അവർ ജീവിക്കുകയാണ്. കുടുംബം ഒന്നടങ്കം രക്ഷപ്പെട്ടവർ വളരെ കുറവായിരുന്നു.മരണമുഖത്ത് നിന്ന് രക്ഷപ്പെട്ട് ക്യാമ്പുകളിൽ കഴിഞ്ഞവർ അടുത്ത ദിവസങ്ങളി‍ൽ ദുരന്തഭൂമിയിലെത്തിയപ്പോൾ ശൂന്യമയ ഇടങ്ങളിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു. ”ഇവിടെയായിരുന്നു എന്റെ വീട്. ഇവിടെയായിരുന്നു ഞങ്ങളുടെ മക്കൾ കളിച്ചിരുന്നത്.”” നെടുവി‌ർപ്പിനുശേഷം അവർനഷ്ടമായ ഉറ്റവരെ ഓർത്ത് കരഞ്ഞു.
മുറിഞ്ഞുപോയ ഗർഭപാത്രവും ഗർഭസ്ഥ ശിശുവും തിരിച്ചലിനിടയിൽ വന്നുപെട്ടത് സന്നദ്ധ സേവകർ വിഭ്രമത്തോടെ ഓർക്കുന്നു. ഒരുവീട്ടിനകത്തുണ്ടായിരുന്നു, കസേരയിൽ ഇരിക്കുന്ന നിലയിൽ മൂന്നു മൃതദേഹങ്ങൾ!

പുത്തുമലയിലെ തേയിലത്തോട്ടത്തിലായിരുന്നു വിലാസമറ്റവർക്ക് ശ്മശാനമൊരുക്കിയത്. വരിവരിയായി കുഴികളെടുത്തു. ചുറ്റും വലിയ ആൾക്കൂട്ടം. നിരനിരയായി ആംബുലൻസുകളെത്തി. പൂർണമല്ലാത്ത ശരീരങ്ങളായിരുന്നു കൂടുതലും.


Source link

Related Articles

Back to top button