മേപ്പാടി: ദുരന്തം മണ്ണോട് ചേർത്ത ചൂരൽമല, മുണ്ടക്കൈ ഗ്രാമങ്ങൾക്കായി സർക്കാർ അതിവേഗമൊരുക്കുന്നത് ഉരുളെടുത്ത പുത്തുമലയിലൊരുക്കിയ മാതൃക. ദുരിത ബാധിതർക്ക് ഒരുമിച്ച് താമസിക്കാനുള്ള ടൗൺഷിപ്പിനായി മേപ്പാടിയിലും പരിസര പഞ്ചായത്തുകളിലുമായി 10 സ്ഥലങ്ങളാണ് പ്രാഥമികമായി കണ്ടെത്തിയത്. വ്യാപാര സ്ഥാപനങ്ങൾ, സാംസ്‌കാരിക നിലയം, റേഷൻ കട, അങ്കണവാടി, സ്‌കൂൾ, ആരാധനാലയങ്ങൾ എന്നിവയടങ്ങിയ ടൗൺഷിപ്പാണ് സർക്കാർ ലക്ഷ്യം.
അതേസമയം മേപ്പാടിയിൽ തന്നെ പുനരധിവസം വേണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം. ഇക്കാര്യവും സർക്കാർ പരിശോധിക്കും. 1023 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. പത്തേക്കർ സ്ഥലമെങ്കിലും ഇതിന് വേണം. ഇത്രയും ഭൂമി കണ്ടെത്തുന്നതും വെല്ലുവിളിയാണ്. ഇതുകാരണം അടുത്തടുത്ത ഒന്ന് രണ്ടിടങ്ങൾ ഏറ്റെടുക്കാനാണ് ശ്രമം. മന്ത്രിസഭാ ഉപസമിതി വയനാട്ടിൽ ക്യാമ്പ് ചെയ്‌താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകണത്തോടെയായിരുന്നു പുത്തുമലയിലെ പുനരധിവാസം. മേപ്പാടി ടൗണിന് സമീപം പൂത്തകൊല്ലിയിലെ അഞ്ചേക്കറിലാണ് 56 കുടുംബങ്ങൾക്ക് വീടൊരുക്കിയത്. ചെറിയ പരാതികളുണ്ടെങ്കിലും എല്ലാവരെയും ഒരിടത്ത് പുനരധിവസിപ്പിച്ചത് ദുരന്തബാധിതർക്ക് ആശ്വാസമായി.
പൂത്തകൊല്ലിയും പരിഗണനയിൽ
പൂത്തകൊല്ലിയ്‌ക്ക് സമീപത്തും ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിന് ഭൂമി കണ്ടെത്താൻ നീക്കമുണ്ട്. തേയില തോട്ടമായതിനാൽ ഭൂമി തരം മാറ്റി സർക്കാർ ഉത്തരവിറക്കിയാൽ പുനരധിവാസം നടപ്പാക്കാം. പുനരധിവാസത്തിനുള്ള സ്ഥലങ്ങൾ വിദഗ്‌ദ്ധ സമിതി പരിശോധിച്ച് ദുരന്തസാദ്ധ്യത മേഖലയല്ലെന്ന് റിപ്പോർട്ട് നൽകണം. അതിനുശേഷമാകും തുടർനടപടി. ദുരന്തം നടന്ന് ഒരു മാസം കഴിയും മുൻപ് താത്കാലിക പുനരധിവാസം പൂർത്തിയാക്കാനായത് സർക്കാരിന് ആശ്വാസമാണ്. ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടായിരുന്ന മുഴുവൻ കുടുംബങ്ങൾക്കും താത്‌കാലിക വാടകവീടുകളൊരുക്കി. വാടക സർക്കാരാണ് നൽകുക. പരാതികളില്ലാതെ സ്ഥിരം പുനരധിവാസം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യം.
Source link