രക്ഷാപ്രവർത്തനത്തിലെ ദൈവ സ്‌പർശം

കോഴിക്കോട്: സമാനതകളില്ലാത്ത ദുരന്തത്തിനും രക്ഷാപ്രവർത്തനത്തിനുമാണ് ഒരു മാസം മുമ്പ് കേരളം സാക്ഷിയായത്. ലോകത്തിന് മാതൃകയായി ആ രക്ഷാകരങ്ങൾ ഇപ്പോഴും തുടരുന്നു. ജൂലായ് 31ന് വൈകിട്ടാണ് പട്ടാളത്തിന്റെ താത്കാലിക പാലത്തിലൂടെ പ്രവീണും കുടുംബവും നായക്കുട്ടിയും ചൂരൽമല അങ്ങാടിയിലെത്തിയത്. അപ്പോഴും രക്ഷപ്പെട്ടതിന്റെ ആശ്വാസം അവർക്കുണ്ടായിരുന്നില്ല. തങ്ങളെ ജീവിതത്തിലേക്ക് തിരികെ പിടിച്ച പ്രജീഷിനായുള്ള തെരച്ചിലിലായിരുന്നു അവർ.
ചൂരൽമലപ്പുഴയ്‌ക്ക് അക്കരെ അട്ടമലയിൽ താമസിക്കുന്ന പ്രവീണിന്റെ സഹോദരനാണ് പ്രജീഷ്. ഉരുൾപൊട്ടലിൽ കലിതുള്ളിയെത്തിയ പുഴയിൽ നിന്ന് സഹോദരനേയും കുടുംബത്തേയും പ്രജീഷ് സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. തുടർന്ന് രക്ഷാപ്രവർത്തനത്തിനായി അവനോടി. പക്ഷേ പിന്നീട് മടങ്ങിയെത്തിയില്ല. ഇതുപോലെ രക്ഷാകരം നീട്ടി വിധിയിൽ അലിഞ്ഞ നിരവധി പേരുണ്ട് ചൂരൽ മലയിൽ.
ഇന്നലെ ഷാഹിദിനെ കാണുമ്പോഴും ജീപ്പുമായുള്ള ഓട്ടത്തിലായിരുന്നു. ആശുപത്രികളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുമായി വാടക വീടുകളിലേക്കുമായിരുന്നു ആ യാത്രകൾ. ഷാഹിദിന്റെ വീടും തറവാടുവീടും പുഴയെടുത്തു. കുടുംബം ദുരിതാശ്വാസക്യാമ്പിലായിരുന്നു. ദുരന്ത ദിവസം മുതൽ ബാക്കി കിട്ടിയ ജീപ്പുമായുള്ള ഓട്ടത്തിലാണ് ഷാഹിദ്.
ജീവന്റെ വഴിതുറന്ന ബെയ്‌ലി പാലം
ദുരന്തം നടന്നുടൻ വയാനാട്ടിലെത്തിയതാണ് മന്ത്രിമാരായ കെ. രാജനും മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും, ഒ.ആർ. കേളുവും. രക്ഷാപ്രവർത്തനത്തിന് നേതൃത്വവും മാർഗ നിർദ്ദേശങ്ങളും നൽകി. 30ന് വൈകിട്ട് പട്ടാളമെത്തി. 31ന് രാവിലെ ബംഗളുരുവിൽ നിന്ന് സേനയുടെ മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പുമെത്തി. തുടർന്ന് ഒന്നരദിവസം കൊണ്ട് ചൂരൽമലപ്പുഴയ്ക്ക് കുറുകെ ബെയ്ലി പാലം പണിതു. ഇതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി. നിർമ്മാണം നടക്കുമ്പോഴെല്ലാം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും ഇവിടുണ്ടായിരുന്നു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും സംസ്ഥാന മന്ത്രിമാരും വയനാട്ടിലേക്കെത്തി. പാലത്തിലൂടെ അക്കരെ കടക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെത്തി. രക്ഷാപ്രവർത്തകരും ഭക്ഷണവും വെള്ളവുമായെത്തിയ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള മലയാളികളും തമിഴരും വേറെ.
Source link