കൊച്ചി: നടനും അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിന്റെ ആത്മകഥ പ്രകാശനം ചെയ്തു. ‘അഭിനയമറിയാതെ’ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ കൊച്ചിയിൽ വച്ചാണ് പ്രകാശനം ചെയ്തത്. ലിപി പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
കുടുംബാംഗങ്ങളും സിനിമാ മേഖലയിലെ സുഹൃത്തുക്കളും ചേർന്നാണ് ആത്മകഥ പുറത്തിറക്കിയത്. പുസ്തകം മമ്മൂട്ടിയെക്കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കണമെന്നായിരുന്നു ആഗ്രഹമെന്നും എല്ലാ നല്ല കാര്യങ്ങളുടെ തുടക്കത്തിലും അദ്ദേഹമുണ്ടാകാറുണ്ടായിരുന്നുവെന്നും സിദ്ദിഖ് വ്യക്തമാക്കി. ജീവിതത്തിലും സിനിമയിലും പലപ്പോഴായി ഉണ്ടായ അനുഭവങ്ങളെ പുസ്തകരൂപത്തിൽ ആക്കുകയായിരുന്നുവെന്ന് നടൻ പറഞ്ഞു.
അതേസമയം, സിനിമ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സിദ്ദിഖ് ഇന്നലെ സ്വാഗതം ചെയ്‌തിരുന്നു. മലയാള സിനിമയിലെ പവർഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. പവർ ഗ്രൂപ്പ് ഒരാളുടെ തൊഴിൽ നഷ്‌ടപ്പെടുത്തുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ആർക്കും ആരുടെയും അവസരങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളെല്ലാം നടപ്പിൽ വരുത്തണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റി പ്രതിസ്ഥാനത്ത് നിറുത്തിയിരിക്കുന്നത് അമ്മയെ അല്ല. മാദ്ധ്യമങ്ങൾ ഞങ്ങളെ പ്രതിക്കൂട്ടിൽ നിറുത്തുന്നതിൽ വിഷമമുണ്ടെന്നും തെറ്റുചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് അമ്മ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കവേയാണ് ജനറൽ സെക്രട്ടറിയായ സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്.
Source link