കൊച്ചി: മലയാളസിനിമ പൂത്തുലഞ്ഞ് സുഗന്ധം പരത്തിയ 70-80കളിൽ വ്യത്യസ്ത പ്രമേയങ്ങളും പരുക്കൻ കഥാപാത്രങ്ങളുമായി ആസ്വാദകരുടെ മനംകവർന്ന സംവിധായകനാണ് എം. മോഹൻ. മലയാളികൾ അതുവരെ കാണാത്തതും കേൾക്കാത്തതുമായ ഒട്ടേറെ സിനിമകൾ കൊണ്ട് മോഹൻ ശ്രദ്ധേയനായി. ആ സിനിമകളിലെല്ലാം ഒരു മോഹൻ ടച്ച് ഒളിഞ്ഞുകിടന്നു.
താരപ്രഭയെക്കാൾ കഥയ്ക്കും കഥാപാത്രങ്ങൾക്കുമായിരുന്നു എന്നും മോഹൻ പ്രാമുഖ്യം നൽകിയത്. ആദ്യചിത്രമായ ‘രണ്ട് പെൺകുട്ടികളു”ടെ പ്രമേയം തന്നെ ആരും കൈവയ്ക്കാൻ മടിക്കുന്ന സ്വവർഗ പ്രണയമായിരുന്നു. ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രം അന്യഭാഷകളിലും ശ്രദ്ധ നേടി. രണ്ടാമത്തെ ചിത്രമായ ‘ശാലിനി എന്റെ കൂട്ടുകാരി” കാമ്പസുകളും യുവത്വവും ഏറ്റെടുത്തു.
ഗോപിയെയും നെടുമുടി വേണുവിനെയും വേണു നാഗവള്ളിയെയും നായകന്മാരാക്കാൻ ഒരു വിമുഖതയും അദ്ദേഹത്തിനുണ്ടായില്ല. കഥാപാത്രത്തിന്റെ കരുത്തിലും നടന്റെ അഭിനയ മികവിലുമായിരുന്നു വിശ്വാസം. സുകുമാരനും നെടുമുടി വേണുവുമാണ് കൂടുതൽ ചിത്രങ്ങളിലും നായക വേഷങ്ങളിലെത്തിയത്. പക്ഷേ, ‘മുഖം” സിനിമയിൽ മോഹൻലാലും ‘ഒരു കഥ ഒരു നുണക്കഥ”യിൽ മമ്മൂട്ടിയും നായകരായി.
ഹിറ്റ് പാട്ടുകളാണ് മോഹൻ സിനിമകളുടെ മറ്റൊരു പ്രത്യേകത. ദേവരാജൻ, ജോൺസൺ, എം.ബി. ശ്രീനിവാസൻ, ഇളയരാജ തുടങ്ങിയ പ്രതിഭകളുടെ സംഗീതം കൊണ്ട് സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ സിനിമകൾ. ശാലിനി എന്റെ കൂട്ടുകാരിയിലെ എം.ഡി.രാജേന്ദ്രൻ എഴുതി ദേവരാജൻ ഈണമിട്ട ‘നിൻ തുമ്പുകെട്ടിയിട്ട ചുരുൾമുടിയിൽ” എന്ന ഗാനവും ഹിമശൈലസൈകത ഭൂമിയിൽ നിന്നുനീ പ്രണയപ്രവാഹമായി വന്നു എന്ന ഗാനവും ഇന്നും മലയാളികളുടെ നാവിൻതുമ്പിലുണ്ട്. ഒരു കൂട്ടുകെട്ടിലും പെടാതെ സിനിമ ചെയ്യാനാണ് താത്പര്യമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജോൺപോളുമായി ചേർന്ന് ഹിറ്റുകൾ ഒരുക്കുമ്പോഴും തുടർച്ച പലപ്പോഴും ഉണ്ടായിട്ടില്ല. തന്റെ പല കഥാപാത്രങ്ങളെയും നന്നായി ചെയ്യുമെന്ന് തോന്നിയതുകൊണ്ടാണ് നെടുമുടി വേണുവിന് വേഷങ്ങൾ നൽകിയതെന്നും സൂചിപ്പിച്ചിരുന്നു. വേണു വേഷമിട്ട വിടപറയും മുമ്പേയാണ് തന്റെ മികച്ച ചിത്രമെന്ന അഭിപ്രായക്കാരനായിരുന്നു മോഹൻ.
Source link