KERALAMLATEST NEWS

മദ്യലഹരിയിൽ അപകട ഡ്രൈവിംഗ്, കാർ നാല് ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴഞ്ചേരി : മദ്യലഹരിയിൽ യുവാവ് അമിതവേഗത്തിൽ ഓടിച്ച കാർ നാല് ഇരുചക്രവാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു. സ്കൂട്ടർ യാത്രക്കാരൻ തൽക്ഷണം മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. പ്ലാങ്കമൺ വെളളിയറ കൊച്ചേത്തറയിൽ ഉണ്ണികൃഷ്ണൻ (45) ആണ് മരിച്ചത്. കാർ ഓടിച്ച ചെങ്ങന്നൂർ തോപ്പിൽ തെക്കതിൽ റോയി മാത്യു ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12ന് അയിരൂർ വാളംപടിക്ക് സമീപമായിരുന്നു അപകടങ്ങളുടെ തുടക്കം.

തടിയൂർ പുത്തൻശബരിമല പുളിക്കൽ പ്രസന്നകുമാറിന്റെ സ്‌കൂട്ടറിലാണ് കാർ ആദ്യം ഇടിച്ചത്. ഇവിടെ നിന്ന് നിറുത്താതെ പോയ കാർ ചെറുകോൽപ്പുഴ പാലച്ചുവടിന് സമീപത്തുവച്ച് പ്ലാങ്കമൺ വെളളിയറ കൊച്ചേത്തറയിൽ ഉണ്ണികൃഷ്ണന്റെ സ്‌കൂട്ടർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടശേഷം 50 മീറ്റർ മുമ്പിലേക്ക് നീങ്ങിയ കാർ റോഡരികിലിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം എതിർ ദിശയിൽ വന്ന പ്ലാങ്കമൺ വെളളിയറ താന്നിയോലിക്കൽ കെ.ലക്ഷ്മി (30) യുടെ സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറി. സ്‌കൂട്ടർ അടിയിൽ കുടുങ്ങിയതോടെ കാർ നിന്നു. സമീപത്തെ പുരയിടത്തിൽ പണി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ഓടിയെത്തി റോയി മാത്യു ജോർജിനെ തടഞ്ഞുവച്ച് കോയിപ്രം പൊലീസിന് കൈമാറി. കാലിന്റെ അസ്ഥികൾക്കും ഇടുപ്പെല്ലിനും ഒടിവും ശരീരമാസകലം പരിക്കുമേറ്റ ലക്ഷ്മിയെ കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പ്രസന്നകുമാറിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ഉണ്ണികൃഷ്ണൻ വെളളിയറയിൽ വെൽഡിംഗ് വർക്ക്‌ഷോപ്പ് നടത്തുകയാണ്. സംസ്കാരം പിന്നീട്. ഭാര്യ: ലക്ഷ്മി. മകൻ : വിഷ്ണു.


Source link

Related Articles

Back to top button