KERALAMLATEST NEWS

സിനിമയിലെ ലൈംഗികാതിക്രമംഃ രഹസ്യമൊഴിയിൽ പ്രതികളുടെ അറസ്റ്റിന് പൊലീസ്

□പ്രാഥമിക മൊഴിയെടുപ്പ് ഇന്ന് മുതൽ

തിരുവനന്തപുരം: സിനിമാരംഗത്ത് ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തിയവരുടെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയ ശേഷം, പ്രതികളുടെ അറസ്റ്റിലേക്ക് നീങ്ങാൻ പൊലീസ്. പ്രാഥമിക മൊഴി ഇന്നു മുതൽ രേഖപ്പെടുത്തും.

മൊഴിയിലെ വസ്തുതകൾ പരിശോധിച്ചും ലഭ്യമാവുന്ന ശാസ്ത്രീയ,സാഹചര്യ തെളിവുകൾ ശേഖരിച്ചും പരാതി പഴുതടച്ചതാണെന്ന്

ഉറപ്പാക്കിയ ശേഷമായിരിക്കും അറസ്റ്റ്. സംവിധായകൻ രഞ്ജിത്തിനെതിരേ ആരോപണമുന്നയിച്ച ബംഗാളി നടിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തും. അവർക്ക് കേരളത്തിലെത്താൻ ബുദ്ധിമുട്ടാണെങ്കിൽ ബംഗാളിലെ കോടതിയിൽ രഹസ്യ മൊഴിയെടുക്കാൻ പൊലീസ് അപേക്ഷ നൽകും. സിദ്ദിഖിനെതിരായ കേസിലാവും അടുത്ത നടപടി. ആരോപണവിധേയർ മുൻകൂർജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്.

ലൈംഗികാതിക്രമത്തിന്റെ 17പരാതികൾ കിട്ടിയിട്ടുണ്ട്. സംവിധായകൻ സുധീഷിനെതിരേ സീരിയൽ നടി കഠിനംകുളം പൊലീസിൽ നൽകിയതാണ് ഒടുവിലത്തേത്. മുകേഷ്, ജയസൂര്യ അടക്കമുള്ളവർക്കെതിരേ ഒരു നടി 7പരാതികളാണ് നൽകിയത്. ലോക്കൽ സ്റ്റേഷനുകളിലെടുക്കുന്ന കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കൂടുതൽ വനിതാപൊലീസിനെ സംഘത്തിലുൾപ്പെടുത്താനും ഡി.ജി.പി ഷേഖ്ദർവേഷ് സാഹിബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും ആരോപണം ഉന്നയിക്കുന്നവരുടെയെല്ലാം മൊഴിയെടുക്കും.പരാതിയുണ്ടെങ്കിൽ കേസെടുക്കും. വ്യക്തമായ തെളിവുകളുകൾ കൈമാറിയാൽ പരാതിയില്ലെങ്കിലും കേസെടുക്കും. അതിക്രമം നേരിട്ടവർക്ക് സ്റ്റേഷനിലെത്താതെ രഹസ്യ മൊഴി നൽകാനും സംവിധാനമൊരുക്കും.

അന്വേഷണ പുരോഗതി ഐ.ജി ജി.സ്പർജ്ജൻ കുമാർ നിത്യേന ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കടേശിനെ അറിയിക്കണം. ഇന്നലത്തെ അവലോകന യോഗത്തിൽ എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എം.ആർ.അജിത്കുമാർ, എച്ച്.വെങ്കടേശ്, എസ്.ശ്രീജിത്ത്, ഐ.ജി ജി.സ്പർജ്ജൻ കുമാർ എന്നിവരും പങ്കെടുത്തു.

അന്വേഷണം രണ്ട്

മേഖലകളിലായി

സിദ്ദിഖിനെതിരായ യുവനടിയുടേതടക്കം പരാതികൾ പ്രത്യേകസംഘത്തിന് കൈമാറി. രഞ്ജിത്തിനെതിരേ കൊച്ചിയിലെടുത്ത കേസിൽ അന്വേഷണം തുടങ്ങി. മൊഴിയെടുത്തശേഷം തുടർനടപടികളിലേക്ക് കടക്കും.

 കൊച്ചിവരെയുള്ള ദക്ഷിണ മേഖലയിൽ അന്വേഷണം ഡി.ഐ.ജി എസ്.അജീതാബീഗം, എസ്.പി മെറിൻജോസഫ് എന്നിവർ. തൃശൂർ മുതലുള്ള ഉത്തര മേഖലയിൽ എസ്.പിമാരായ ജി.പൂങ്കുഴലിയും ഐശ്വര്യഡോംഗ്രെയും.

 ആരോപണങ്ങളിലെ വസ്തുതകളെല്ലാം പരിശോധിച്ചിട്ടേ കേസെടുക്കൂ. ടവർ ലൊക്കേഷൻ, സി.സി.ടി.വി തെളിവുകൾ പഴയ പരാതികളിൽ ലഭ്യമാവില്ലെന്നത് വെല്ലുവിളി.


Source link

Related Articles

Back to top button