ചേരാത്ത ചങ്ങാത്തം വേണ്ട: പൊലീസിനോട് മുഖ്യമന്ത്രി
വടകര: ചേരാത്തവരുമായുള്ള ചങ്ങാത്തം പൊലീസ് സേനാംഗങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ദിവസമായി ഇരിങ്ങൽ സർഗാലയിൽ നടന്ന കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34ാം- സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ജനകീയ സേനയെന്ന നിലയിൽ പൊലീസിന് നല്ല മാറ്റം ഉണ്ടായെങ്കിലും ചിലർ തെറ്റായ പ്രവണതകൾ തുടരുന്നു. അവരെ ശരിയിലേക്ക് നയിക്കണം. 108 ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ വർഷം പുറത്താക്കിയത്. സർക്കാർ ആഗ്രഹിക്കുന്നത് മികച്ച തൊഴിൽ അന്തരീക്ഷമാണ്. പൗരന്റെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അത് പൊലീസിന്റെ ഉത്തരവാദിത്വമാണ്.
കേരള പൊലീസിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. സൈബർ കേസുകൾ അതിവിദഗ്ദ്ധമായി തെളിയിക്കുന്നു. വിദേശങ്ങളിലടക്കം പോയി തെളിവെടുക്കുന്നു. സേനയിലെ നവീകരണത്തിന് നല്ല ഫലം കിട്ടി. പൊലീസിലൂടെ സർക്കാരിന്റെ പ്രവർത്തനം ജനങ്ങൾ വിലയിരുത്തും.
വയനാട് ദുരന്തത്തിൽ പൊലീസിന്റെ മികവ് മറ്റ് സേനകൾ അംഗീകരിച്ചതാണ്. ഒരു പൊലീസാണ് പുഴയിൽ വടം കെട്ടി അപ്പുറത്തെത്തിയത്. റാങ്ക് നോക്കിയല്ല സേന ദുരന്ത മുഖത്ത് പ്രവർത്തിച്ചത്. ആരും ഡ്യൂട്ടി സമയം നോക്കിയില്ല. തളർന്നപ്പോഴും വിശ്രമിച്ചില്ല. രാജ്യം അഭിമാനത്തോടെ പൊലീസിനെ നോക്കി. ഉള്ള വരുമാനം കൊണ്ട് ജീവിക്കണം. അപ്പോൾ സംതൃപ്തമാവും. ചുറ്റുപാട് ഉള്ളതെല്ലാം പോരട്ടെയെന്ന് കരുതുന്നവർക്ക് ഒരിക്കലും സമാധാനം ഉണ്ടാവില്ല. വല്ലവന്റെയും പണത്തിലല്ല ജീവിക്കുന്നതെന്ന് അന്തസോടെ പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത് അദ്ധ്യക്ഷനായി. മന്ത്രി ഒ.ആർ. കേളു, ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹെബ് , ഇന്റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാം, നോർത്ത് സോൺ ഐ.ജി കെ.സേതുരാമൻ, കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി രാജ്പാൽ മീണ, തൃശ്ശൂർ റെയ്ഞ്ച് ഡി.ഐ.ജി തോംസൺ ജോസ്, കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി പി. നിധിൻരാജ് എന്നിവർ പ്രസംഗിച്ചു. സി.കെ. സുജിത് അനുസ്‌മരണ പ്രമേയം അവതരിപ്പിച്ചു. സി.ആർ. ബിജു സ്വാഗതം പറഞ്ഞു.
കശുഅണ്ടി
തൊഴിലാളികൾക്ക്
2250രൂപ
തിരുവനന്തപുരം: ഒരുവർഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന 398 കശുഅണ്ടി ഫാക്ടറികളിലെ 14,647തൊഴിലാളികൾക്ക് ഓണക്കാലത്ത് 2000രൂപ എക്സ്ഗ്രേഷ്യയും അരിവാങ്ങാനായി 250രൂപയും ചേർത്ത് 2250രൂപ നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 3.30കോടി അനുവദിച്ചു.
കെ.എസ്.ഇ.ബി.ഓൺലൈൻ സേവനം ഇന്ന് തടസ്സപ്പെട്ടേക്കും
തിരുവനന്തപുരം:നവീകരണജോലികൾ നടക്കുന്നതിനാൽ കെ.എസ്.ഇ.ബി. ഓൺലൈൻ സേവനങ്ങൾ ഇന്ന് രാവിലെ 7മുതൽ 11വരെ മുടങ്ങിയേക്കും.ഓൺലൈൻ പേയ്മെന്റ്, 1912 നമ്പർ സേവനങ്ങൾ എന്നിവ ലഭിക്കില്ല. പരാതികൾക്ക് 9496012062 എന്ന നമ്പറിലോ അതത് സെക്ഷൻ ഓഫീസുമായോ ബന്ധപ്പെടണം.
Source link