തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്ന് സിനിമ രംഗത്തെ വനിതകള്‍ ഉന്നയിച്ച ആരോപണങ്ങളിലും അന്വേഷണത്തിന് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നാല് വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴംഗ അന്വേഷണ സംഘത്തെയാണ് കേസിന്റെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നടന്‍ സിദ്ദിഖ്, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ഐജി സ്പര്‍ജന്‍ കുമാര്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഡിഐജി എസ് അജിത ബീഗം, എഐജി ജി. പൂങ്കുഴലി, എസ്.പി മെറിന്‍ ജോസഫ്, ഐശ്വര്യ ഡോങ്ക്രെ എന്നിവരും മധുസൂദനന്‍, വി അജിത് എന്നിവരും ഉള്‍പ്പെടുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കില്ല മറിച്ച് ആരോപണം ഉന്നയിച്ചവര്‍ക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കാം. പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ കേസെടുക്കും. സിനിമ മേഖലയിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ആര്‍ക്ക് പരാതിയുണ്ടെങ്കിലും അന്വേഷണസംഘത്തെ സമീപിക്കാം.
പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയമായിരിക്കും അന്വേഷണസംഘം പരിശോധിക്കുക. അതേസമയം, ഹേമ കമ്മിറ്റി മുമ്പാകെ അതിക്രമം തുറന്നുപറഞ്ഞ വിഷയങ്ങളില്‍ ഇപ്പോള്‍ അന്വേഷണമുണ്ടാകില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് തീരുമാനം. നേരത്തെ, ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്.
യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം നടന്‍ സിദ്ധിഖും രാജിവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവനടി ആരോപിക്കുന്നത്. സിനിമയില്‍ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലില്‍വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതരമായ കണ്ടെത്തലുകളും തുടര്‍ന്ന് നടിമാര്‍ പരസ്യമായി രംഗത്ത് വരികയും ചെയ്തിട്ടും സര്‍്ക്കാര്‍ അനങ്ങുന്നില്ലെന്ന വിമര്‍ശനം ശക്തമായതോടെയാണ് അന്വേഷണസംഘത്തെ നിയോഗിച്ചത്.
Source link