KERALAMLATEST NEWS

സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങൾ; പ്രത്യേക അന്വേഷണ സംഘത്തിൽ കൂടുതൽ വനിതാ ഉദ്യോഗസ്ഥ‌ർ

തിരുവനന്തപുരം: സിനിമാമേഖലയിൽ വനിതകൾ നേരിട്ട ദുരനുഭവങ്ങൾ അന്വേഷിക്കുന്നതിന് രൂപം നൽകിയ പ്രത്യേക അന്വേഷണ സംഘം പൊലീസ് ആസ്ഥാനത്ത് യോഗം ചേർന്ന് തുടരന്വേഷണത്തിന് രൂപം നൽകി. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അദ്ധ്യക്ഷത വഹിച്ചു.

പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണ സംഘത്തിൽ കൂടുതൽ വനിതാ ഓഫീസർമാരെ ഉൾപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ നിർദ്ദേശം നൽകി. പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫീസർമാരെ കൂടാതെ മറ്റ് മുതിർന്ന ഐ പി എസ് ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.

അതേസമയം, സിനിമാ മേഖലയിലെ ഏഴുപേർക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്ന് നടി മിനു മുനീർ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് മെയിൽ വഴിയാണ് ഇവർ പരാതി നൽകിയത്. മുകേഷ് , ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്‌സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയുമാണ് മിനു പരാതി നൽകിയത്. അന്വേഷണ സംഘം ഫോണിൽ സംസാരിച്ചിരുന്നുവെന്നും വിശദമായ മൊഴിയെടുക്കാൻ അവർ സമയം തേടിയിട്ടുണ്ടെന്നും മിനു പറഞ്ഞു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നത് എല്ലാം തുറന്നുപറയാൻ ധൈര്യം നൽകിയെന്ന് അവർ നേരത്തേ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.


Source link

Related Articles

Back to top button