ഐസിസി ട്വന്റി-20 വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളികളായ ആശ ശോഭനയും സജന സജീവനും
മുംബൈ: സഞ്ജു സാംസണിനു ശേഷം മലയാളികൾക്ക് ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ജേതാവെന്നു പറയാൻ രണ്ടു താരങ്ങളെ കിട്ടട്ടേ എന്ന ആശംസയുമായി കേരളക്കര. അടുത്ത മാസം ആരംഭിക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രണ്ടു മലയാളികൾ ഇടംനേടിയതോടെയാണിത്. ഒക്ടോബർ മൂന്നു മുതൽ 20 വരെ യുഎഇയിൽ നടക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചു. തിരുവനന്തപുരം സ്വദേശി ആശ ശോഭന, വയനാട് സ്വദേശി സജന സജീവൻ എന്നിവരാണ് ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യങ്ങൾ. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ്. ഷഫാലി വർമയ്ക്കൊപ്പം സ്മൃതിയായിരിക്കും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന യാസ്തിക ഭാട്യ, ശ്രേയങ്ക പാട്ടീൽ എന്നിവരും ടീമിൽ ഇടം നേടി. ഫിറ്റ്നസിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവർ ടീമിൽ തുടരുമോയെന്നു തീരുമാനമാകുക. അഞ്ച് റിസർവ് കളിക്കാരെയും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. റിസർവ് താരങ്ങളിൽ മൂന്നു പേർ മാത്രമാണ് ടീമിനൊപ്പം യുഎഇക്കു യാത്രതിരിക്കൂ. ഉമ ഛേത്രി പുറത്ത് സ്ഥിരം സാന്നിധ്യങ്ങളായ കളിക്കാരാണ് 15 ടീമിൽ ഉൾപ്പെട്ടതെന്നു ശ്രദ്ധേയം. ഉമ ഛേത്രിമാത്രമാണ് ടീമിനു പുറത്തായ പ്രമുഖതാരം. വിക്കറ്റ് കീപ്പർ ബാറ്ററായ യാസ്തിക ഭാട്യ 2024 വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനുവേണ്ടി 204 റണ്‍സ് അടിച്ചിരുന്നു. ഇടംകൈക്കു പരിക്കേറ്റ താരം നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിചരണത്തിലാണ്. ശ്രേയങ്ക പാട്ടീലിനു പകരം ഏഷ്യ കപ്പ് സംഘത്തിലുൾപ്പെട്ട തനൂജ കൻവാറിനു 15 അംഗ ടീമിൽ ഇടം ലഭിച്ചിട്ടില്ല. അതേസമയം, തനൂജയെ ടീമിനൊപ്പം യുഎഇക്കു തിരിക്കുന്ന റിസർവ് സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിന്നു മണി ഇല്ല വയനാടുകാരിയായ മിന്നു മണിക്ക് 15 അംഗ ടീമിലോ റിസർവ് സംഘത്തിലോ ഉൾപ്പെടാൻ സാധിച്ചില്ല. ഓസ്ട്രേലിയൻ പര്യടനം നടത്തിയ ഇന്ത്യ എ ചതുർദിന ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു മിന്നു മണി. അതേസമയം, ഇന്ത്യ എ ടീമിലുണ്ടായിരുന്ന ബാറ്റർ രഘ്വി ബിസ്റ്റ്, സ്പിന്നർ പ്രിയ മിശ്ര എന്നിവർ നോണ്‍ ട്രാവലിംഗ് റിസർവ് താരങ്ങളിലായി ടീമിൽ ഇടംനേടിയിട്ടുണ്ട്. ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ശ്രീലങ്ക ടീമുകൾക്കൊപ്പമാണ് ഇന്ത്യ. ഒക്ടോബർ നാലിന് ന്യൂസിലൻഡിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ x പാക് പോരാട്ടം ഒക്ടോബർ ആറിനു ദുബായിയിൽ നടക്കും. ഒക്ടോബർ 17, 18 തീയതികളിൽ സെമി ഫൈനലും 20ന് ഫൈനലും അരങ്ങേറും. ബംഗ്ലാദേശായിരുന്നു 2024 വനിതാ ട്വന്റി-20 ലോകകപ്പിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. ആഭ്യന്തര പ്രക്ഷോഭത്തെത്തുടർന്ന് ഐസിസി ലോകകപ്പ് വേദി ബംഗ്ലാദേശിൽനിന്നു യുഎഇയിലേക്കു മാറ്റുകയായിരുന്നു.
ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പർ), പൂജ വസ്ത്രകാർ, അരുന്ധതി റെഡ്ഡി, രേണുക സിംഗ്, ദയാലൻ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ. ട്രാവലിംഗ് റിസർവ്സ്: ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), തനൂജ കൻവർ, സൈമ താക്കോർ. നോണ്‍ ട്രാവലിംഗ് റിസർവ്സ്: രഘ്വി ബിസ്റ്റ്, പ്രിയ മിശ്ര. സജനയുടെ വഴിയിൽ ഫുട്ബോൾ മുതൽ സിനിമ വരെ ക്രിക്കറ്റ് മാത്രമല്ല, സിനിമ, അത്ലറ്റിക്സ്, ഫുട്ബോൾ തുടങ്ങിയ സർവ മേഖലകളിലും സജന സജീവൻ തന്റെ കൈയ്യൊപ്പു പതിപ്പിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ പൊളിറ്റിക്കൽ സയൻസിൽ ബിരുദവും സ്വന്തമാക്കി. വയനാട് മാനന്തവാടി സ്വദേശിയാണ് സജന. ഓട്ടോ ഡ്രൈവറായ സജീവന്റെയും മുനിസിപ്പാലിറ്റി ജീവനക്കാരിയായ ശാരദയുടെയും മകൾ. തമിഴ് സിനിമയിൽ സപ്പോർട്ടിംഗ് ആക്ടറായാണ് സജന വെള്ളിത്തിരയിലെത്തിയത്. കൗമാര കാലഘട്ടത്തിൽ വയനാട് ജില്ലാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു. കോളജ് ജീവിതത്തിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ മത്സരിച്ച് ജേതാവായിട്ടുണ്ട്. വെടിക്കെട്ട് ബാറ്റിംഗിനൊപ്പം ഓഫ് സ്പിന്നുമാണ് സജനയുടെ ക്രിക്കറ്റ് സ്റ്റൈൽ. 2024 ഏപ്രിലിൽ ബംഗ്ലാദേശിനെതിരേയായിരുന്നു രാജ്യാന്തര ട്വന്റി-20 അരങ്ങേറ്റം. ഇന്ത്യക്കുവേണ്ടി ഇതുവരെ ഒന്‍പത് മത്സരങ്ങളിൽ ഇറങ്ങി. പേസിൽ തുടങ്ങിയ ക്രിക്കറ്റ് ശോഭനം… തിരുവനന്തപുരം സ്വദേശിയായ ആശ ശോഭന ക്രിക്കറ്റ് ജീവിതമാരംഭിച്ചത് പേസ് ബൗളർ ആയാണ്. കോട്ടൻ ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്പോഴായിരുന്നു ക്രിക്കറ്റിലേക്കെത്തിയത്. 12-ാം വയസിൽ ജില്ലാ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കോച്ചിന്റെ ഉപദേശത്തിലൂടെയാണ് സ്പിൻ ബൗളിംഗിലേക്കു തിരിഞ്ഞത്. 15-ാം വയസിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ മാക് സ്പിൻ ഫൗണ്ടേഷിൽ ട്രെയ്നിംഗിന് അയച്ചു. ലെഗ് സ്പിന്നും അത്യാവശ്യം ബാറ്റിംഗുമാണ് ആശയുടെ ക്രിക്കറ്റ് സ്റ്റൈൽ. 1998ൽ ഷാർജ കപ്പിൽ ഇന്ത്യയുടെ ഇതിഹാസമായ സച്ചിൻ തെണ്ടുൽക്കർ ബാറ്റ് ചെയ്യുന്നതുകണ്ടാണ് ക്രിക്കറ്റിലേക്ക് കൂടുതൽ ആകൃഷ്ടയായതെന്ന് ആശ വെളിപ്പെടുത്തിയിട്ടുണ്ട്. 2024 മേയിൽ ബംഗ്ലാദേശിനെതിരേയായിരുന്നു ഇന്ത്യക്കുവേണ്ടിയുള്ള അരങ്ങേറ്റം. ഇന്ത്യക്കുവേണ്ടി ഇതുവരെ മൂന്നു ട്വന്റി-20 കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ മത്സരങ്ങൾ വനിതാ ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് എ ഒക്ടോബർ 04: ഇന്ത്യ Vs ന്യൂസിലൻഡ്, ദുബായ് ഒക്ടോബർ 06: ഇന്ത്യ Vs പാക്കിസ്ഥാൻ, ദുബായ് ഒക്ടോബർ 09: ഇന്ത്യ Vs ശ്രീലങ്ക, ദുബായ് ഒക്ടോബർ 13: ഇന്ത്യ Vs ഓസ്ട്രേലിയ, ഷാർജ
Source link