പൊലീസിന്റെ പേരിലും സ്ത്രീകൾക്ക് ചതിക്കുഴി, വീട്ടിലെത്തിക്കാൻ വാഹനം അയയ്ക്കുമെന്ന് സന്ദേശം
#വിശ്വാസ്യതയ്ക്ക് വ്യാജ നമ്പറിനൊപ്പം
പൊലീസിന്റെ ടോൾ ഫ്രീ നമ്പരും
തിരുവനന്തപുരം : കേരള പൊലീസിന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ച് സ്ത്രീകളെ കെണിയിൽ വീഴ്ത്തുന്ന സംഘങ്ങളും സോഷ്യൽ മീഡിയയിൽ സജീവം. രാത്രിയിൽ സ്ത്രീകളെ വീട്ടിലെത്തിക്കാൻ വാഹനം ലഭ്യമാക്കുന്ന പദ്ധതിക്ക് പൊലീസ് തുടക്കമിട്ടെന്നാണ് സന്ദേശം. കൺട്രോൾ റൂമിൽ നിന്നോ സ്റ്റേഷനിൽ നിന്നോ വാഹനം എത്തുമെന്നും സന്ദേശത്തിലുണ്ട്.
രാത്രി 10നും രാവിലെ 6നും ഇടയിൽ സഹായം ആവശ്യമുള്ളവർ വിളിക്കാൻ മൊബൈൽ നമ്പരും നൽകിയിട്ടുണ്ട്. മിസ്ഡ് കാളിലൂടെയും മെസേജിലൂടെയും സഹായം അഭ്യർത്ഥിക്കാം. വ്യാജ മൊബൈൽ നമ്പരിനൊപ്പം കേരള പൊലീസിന്റെ ടോൾഫ്രീ നമ്പരുകളായ 1091,100 എന്നിവയും നൽകിയിട്ടുണ്ട്. വ്യാജ സന്ദേശത്തിലെ 7837018555 എന്ന നമ്പരും പൊലീസിന്റേതാണെന്ന് വിശ്വസിപ്പിക്കാനുള്ള തന്ത്രമാണിത്.
സംശയംതോന്നിയ പുരുഷൻമാർ
മൊബൈൽ നമ്പരിലേക്ക് വിളിച്ചപ്പോൾ ശബ്ദം കേട്ട ഉടൻ കട്ടാക്കി. തുടർന്ന് സ്വിച്ച് ഓഫാക്കി. പൊലീസിന്റെ ടോൾഫ്രീ നമ്പരുകളിൽ വിളിച്ച് തിരക്കിയപ്പോൾ, അടിയന്തരഘട്ടങ്ങളിൽ സഹായം ലഭിക്കാൻ കൺട്രോൾ റൂമിൽ വിളിച്ചാൽമതിയെന്ന മറുപടിയാണ് ലഭിച്ചത്.
ലക്ഷ്യം ഒ.ടി.പി നൽകി
പണംചോർത്തൽ
വ്യാജനമ്പർ പഞ്ചാബിലേതാണെന്നാണ് പ്രാഥമിക വിവരം. അക്കൗണ്ടുകളിലെ പണം തട്ടുകയാണ് ലക്ഷ്യമെന്ന് കരുതുന്നു.
സ്ത്രീകൾ വിളിക്കുമ്പോഴാണ് തട്ടിപ്പ് ആരംഭിക്കുക. പൊലീസെന്ന് വിശ്വസിച്ച് ആവശ്യപ്പെടുന്ന വിവരങ്ങൾ സ്ത്രീകൾ പങ്കുവയ്ക്കും. വാഹനം അയക്കാനെന്ന പേരിൽ ആധാർ നമ്പർ, അഡ്രസ്, അവർ അയച്ചുതരുന്ന ഒ.ടി.പി തുടങ്ങിയവ കൈക്കലാക്കാനുള്ള തന്ത്രമാണെന്ന് പൊലീസ് സംശയിക്കുന്നു.
അടിയന്തര സഹായത്തിന് 112
ഒറ്റപ്പെട്ടുപോയാൽ അടിയന്തരസഹായത്തിന് ആർക്കും 112ൽ വിളിക്കാം.
പൊലീസ് ആസ്ഥാനത്താണ് 112 എമർജൻസി റസ്പോൺസ് സപ്പോർട്ട് സിസ്റ്റം പ്രവർത്തിക്കുന്നത്.
സ്മാർട്ട് ഫോണുകളിൽ ‘112 ഇന്ത്യ’ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും സേവനം ലഭ്യമാണ്.
ജി.പി.എസ് സംവിധാനത്തിലൂടെ സേവനം തേടിയ ആളുടെ ലൊക്കേഷൻ പൊലീസിന് ലഭിക്കും.
പൊലീസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ചോദിച്ച് സഹായം ലഭ്യമാക്കും.
വ്യാജസന്ദേശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
– ഹരിശങ്കർ
എസ്.പി. സൈബർ ഓപ്പറേഷൻസ്
കേരള പൊലീസ്.
Source link