അജ ഏകാദശിയും വ്യാഴാഴ്ചയും അപൂർവമായി വരുന്ന ഈ ദിനത്തിൽ വ്രതം അനുഷ്ഠിച്ചാൽ – Aja Ekadashi | ജ്യോതിഷം | Astrology | Manorama Online
അജ ഏകാദശിയും വ്യാഴാഴ്ചയും അപൂർവമായി വരുന്ന ദിവസം, അനുഷ്ഠാനങ്ങൾ ഇങ്ങനെ
വി. സജീവ് ശാസ്‌താരം
Published: August 27 , 2024 05:30 PM IST
Updated: August 27, 2024 06:05 PM IST
2 minute Read
Image Credit: carlos 401 / Shutterstock
ഏകാദശികളില്‍ ഏറെ പ്രാധാന്യമുള്ളതാണ് അജ ഏകാദശി. ശ്രാവണമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിക്ക് അജ ഏകാദശി എന്നാണ് പറയുന്നത്. 2024 ഓഗസ്റ്റ് 29 വ്യാഴാഴ്‌ചയാണ് ഈ വർഷത്തെ അജഏകാദശി അനുഷ്ഠിക്കേണ്ടത്. വിഷ്ണുപ്രീതിക്കായി അനുഷ്ഠിക്കുന്ന ഈ ഏകാദശി വ്രതത്തിലൂടെ സർവ പാപങ്ങളും അകലും എന്നാണ് വിശ്വാസം .
എല്ലാ ഏകാദശി അനുഷ്ഠാനം പോലെ അരിഭക്ഷണം ഒഴിവാക്കിവേണം വ്രതം ആചരിക്കാൻ. ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണ്. വ്രത ദിനത്തിൽ എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും വിഷ്ണുഗായത്രി ജപിക്കുകയും ചെയ്യുക . സാധിക്കുമെങ്കില്‍ വിഷ്ണുക്ഷേത്ര ദർശനം നടത്തി നെയ് വിളക്ക് സമർപ്പിച്ചു ‘അച്യുതായ നമഃ അനന്തായ നമഃ ഗോവിന്ദായ നമഃ.’ എന്ന നാമത്രയം ജപിക്കുന്നത് രോഗ ദുരിതങ്ങൾ അകലാൻ സഹായകമാകും എന്നാണ് പറയപ്പെടുന്നത് . അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. ഏകാദശി ദിവസം മൗനാചരണം വളരെ നല്ലതാണ്. വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക, തുളസി നനയ്ക്കുകയും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക.
അജ ഏകാദശിയുടെ ഐതിഹ്യം ഇപ്രകാരമാണ് . .ഒരിക്കൽ യുധിഷ്ഠിരമഹാരാജാവ് ഭഗവാനോട് ചോദിച്ചു , ‘ഹേ ജനാർദ്ദനാ , ഭാദ്രപദമാസം തുടങ്ങുന്നതിന് മുമ്പുള്ള കൃഷ്ണപക്ഷത്തിലെ ഏകാദശിയെപ്പറ്റി പറഞ്ഞുതന്നാലും.’ ഭഗവാൻ കൃഷ്ണൻ പറഞ്ഞു- ‘ശ്രദ്ധിച്ച് കേൾക്കുക. പാപം ഇല്ലാതാക്കുന്ന ഈ ഏകാദശിയുടെ പേര് അജ എന്നാണ്. ഈ ദിവസം മുഴുവനും ഉപവസിച്ച് ഹൃഷികേശനെ ഭജിക്കുന്നവർ എല്ലാ പാപങ്ങളിൽ നിന്നും മുക്തരാകും. ഇതിനെകുറിച്ച് കേൾക്കുന്നവന്റെ പാപങ്ങൾ പോലും ഇല്ലാതാകും. ഇതിനേക്കാൾ ശ്രേഷ്ഠമായ ഒരു ദിവസം ഭൂമിയിലും സ്വർഗത്തിലും ഇല്ല.
പണ്ട് ഹരിശ്ചന്ദ്രൻ എന്ന സത്യാവാനായ ഒരു മഹാരാജാവ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രമതി എന്നുപേര് , മകൻ ലോഹിതാശ്വൻ. വിധിയുടെ ശക്തിയാൽ ഒരിക്കലദ്ദേഹത്തിന് രാജ്യവും ഭാര്യയും മകനും നഷ്ടപ്പെട്ടു. കൂടാതെ ചണ്ഡാലന്റെ അടിമയും ശ്മശാനത്തിലെ ജോലിക്കാരനും ആകേണ്ടിവന്നു. അങ്ങനെ കഷ്ടതകൾ അനുഭവിക്കുന്ന സമയത്തുപോലും അദ്ദേഹം സത്യനിഷ്ഠ വെടിഞ്ഞില്ല. ഇത്തരത്തിൽ പലവർഷങ്ങൾ കഷ്ടതകൾ അനുഭവിച്ചു ജീവിച്ചു. അദ്ദേഹം ഒരുദിവസം ഹരിശ്ചന്ദ്രൻ ഗൗതമുനിയെ ദർശിക്കാനിടയായി. ഗൗതമമുനിയോട് രാജാവ് തന്റെ ദാരുണമായ അവസ്ഥ വിവരിച്ചു. ഗൗതമുനിക്ക് അദ്ദേഹത്തോട് കരുണതോന്നി. മുനി അദ്ദേഹത്തോട് പറഞ്ഞു – ‘ രാജാവേ അങ്ങ് അജ ഏകാദശി അനുഷ്ഠിക്കുക. അന്ന് പകൽ മുഴുവനും ഉപവസിക്കുക. രാത്രി ഉറങ്ങരുത്. ഇങ്ങനെ ചെയ്താൽ അങ്ങയുടെ പൂർവ പാപങ്ങൾ ഇല്ലാതാകും. ആ ദിവസം ഒന്നും ചെയ്യാതെ വെറുതെ വിശ്രമിക്കുകയാണെങ്കിൽപോലും പൂർവപാപങ്ങൾ ഇല്ലാതാകും. രാജാവ് അജ ഏകാദശി അനുഷ്ഠിച്ചു . അതിന്റെ ശക്തികൊണ്ട് അദ്ദേഹം എല്ലാകഷ്ടതകളിൽനിന്നും മുക്തനായി. ദേവകൾ അദ്ദേഹത്തിന്റെ മേൽ പുഷ്പവൃഷ്ടി നടത്തി. നഷ്ടപ്പെട്ട രാജ്യവും ഭാര്യയും മകനും തിരിച്ചുകിട്ടി. അല്ലയൊ യുധിഷ്ഠിരരാജൻ , ആരാണോ ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് അവരുടെ പാപങ്ങളെല്ലാം ഉടനെ നശിച്ച് അവർക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകും.(ബ്രഹ്മവൈവർത്തപുരാണം )
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700
English Summary:
Aja Ekadashi 2024: Date, Significance, and Rituals
v-sajeev-shastharam 30fc1d2hfjh5vdns5f4k730mkn-list mo-astrology-ekadashi 4k34dhcj2qnt26md0es4or73e 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-vratham mo-religion-lordvishnu mo-astrology-astrology-news mo-astrology-rituals
Source link