KERALAMLATEST NEWS

‘എന്റെ  വഴി  എന്റെ  അവകാശമാണ്’; മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: തൃശൂരിൽ വച്ച് മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി മാദ്ധ്യമപ്രവർത്തകരെ തള്ളിമാറ്റുകയായിരുന്നു. ‘എന്റെ വഴി എന്റെ അവകാശമാണെന്ന്’ പറഞ്ഞ ശേഷം ക്ഷുഭിതനായി കാറിൽ കയറി പോയി. മീഡിയ വൺ റിപ്പോർട്ടറെയാണ് സുരേഷ് ഗോപി തള്ളിമാറ്റിയത്.

നേരത്തെയും മാദ്ധ്യമപ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി സംസാരിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് കോടതി തീരുമാനിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടന്മാർക്കെതിരെ ഉയർന്ന വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമ്മ അസോസിയേഷനിൽ നിന്ന് ഇറങ്ങി വരുമ്പോഴാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടാതെ മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവും കേന്ദ്രമന്ത്രി നടത്തി.

‘നിങ്ങളുടെ മീഡിയയ്ക്കുള്ള ഒരു തീറ്റയാണിത്. നിങ്ങൾ അത് വച്ച് കാശ് ഉണ്ടാക്കിക്കോള്ളൂ. പക്ഷേ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് നിങ്ങൾ. വിഷയം കോടതിയിൽ ഉണ്ടെങ്കിൽ കോടതി തീരുമാനിക്കും. നിങ്ങൾ ആടിനെ തമ്മിൽ തല്ലിച്ച് ചോര കൂടിക്കുക മാത്രമല്ല, ഒരു സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ്. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. നിങ്ങൾ ആരോടാണ് സംസാരിക്കുന്നത്. നിങ്ങൾ കോടതിയാണോ? കോടതി തിരുമാനിക്കും. ഞാൻ പറയാനുള്ളത് പറഞ്ഞു’,- എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ഇതിനിടെ സുരേഷ് ഗോപിയെ തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി പറയുന്നതല്ല ബിജെപിയുടെ നിലപാടെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. രഞ്ജിത്തും സിദ്ദിഖും രാജി വച്ചിട്ടുണ്ടെങ്കിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുകേഷിന്റെ രാജി എഴുതി വാങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button