CINEMA

അഭിനേതാക്കളുടെ കരിയറിലെ മുഖമുദ്രകളാണ് മോഹന്റെ സിനിമകൾ: ബാലചന്ദ്രമേനോൻ

അഭിനേതാക്കളുടെ കരിയറിലെ മുഖമുദ്രകളാണ് മോഹന്റെ സിനിമകൾ: ബാലചന്ദ്രമേനോൻ | Balachandra Menon M Mohan

അഭിനേതാക്കളുടെ കരിയറിലെ മുഖമുദ്രകളാണ് മോഹന്റെ സിനിമകൾ: ബാലചന്ദ്രമേനോൻ

മനോരമ ലേഖകൻ

Published: August 27 , 2024 12:45 PM IST

1 minute Read

ബാലചന്ദ്രമേനോൻ, എം. മോഹൻ

ഒരു സംവിധായകൻ എന്ന നിലയിൽ സിനിമകളിലൂടെ തന്റെ പേര് അടയാളപ്പെടുത്തിയ സംവിധായകനാണ് മോഹനെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ.  സംവിധായകൻ മോഹനും ബാലചന്ദ്രമേനോനും ഒരേ കാലഘട്ടത്തിൽ സിനിമയിലേക്ക് കടന്നുവന്നവരാണ്.  മോഹന്റെ ‘രണ്ടു പെൺകുട്ടികൾ’ എന്ന ആദ്യ സിനിമ പുറത്തുവന്ന കാലത്താണ് ഉത്രാടരാത്രി എന്ന സിനിമയിലൂടെ താനും കലാരംഗത്തേക്ക് എത്തിയതെന്ന് ബാലചന്ദ്രമേനോൻ പറഞ്ഞു.  മോഹന്റെ ഒരു ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ ആ സിനിമയിലൂടെ തന്നെ സിനിമയോടുള്ള അദ്ദേഹത്തിന്റെ അർപ്പണ ബോധം മനസ്സിലായതാണ്. രോഗാവസ്ഥയിൽ കഴിയുന്ന മോഹനെ സന്ദർശിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും നടന്നില്ല എന്നും അദ്ദേഹത്തിന്റെ മരണം അത്യധികം ദുഃഖമുണ്ടാക്കി എന്നും ബാലചന്ദ്രമേനോൻ പറഞ്ഞു.
‘‘അത്യധികം ദുഃഖകരമായ വാർത്തയാണ് മോഹന്റെ മരണം. ഞങ്ങൾ രണ്ടുപേരും ഒരേ സമയത്ത് മലയാള സിനിമാ രംഗത്ത് വന്നവരാണ്. 1978ൽ രണ്ടു പെൺകുട്ടികൾ എന്ന സിനിമയിലൂടെയാണ് മോഹൻ വരുന്നത് അതെ വർഷം വന്ന ഉത്രാടരാത്രി ആണ് എന്റെ ആദ്യസിനിമ. ഞങ്ങൾ എടുത്ത സിനിമകളും ഏതാണ്ടൊക്കെ ഒരേ ഗണത്തിൽ പെട്ടവയാണ്. അദ്ദേഹത്തിന്റെ ഒരു ചിത്രത്തിൽ മാത്രമേ ഞാൻ സഹകരിച്ചിട്ടുള്ളൂ. അത് ഞാൻ വളരെ ആസ്വദിച്ച ചിത്രീകരണ നിമിഷങ്ങളാണ്. കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകുന്ന ഒരു സംവിധായകനോടൊപ്പം വർക്ക് ചെയ്യുന്നത് ഒരു ഭാഗ്യമാണ്.  

സംവിധായകന്റെ പേരിനു അടിവരയിടുന്ന ചിതങ്ങൾ ഉണ്ടായാൽ മാത്രമേ സിനിമകൾ നന്നാക്കൂ. മോഹനും അക്കാര്യത്തിൽ നിർബന്ധ ബുദ്ധിയുള്ള ആളായിരുന്നു. നല്ല അച്ചടക്കമുള്ള സെറ്റാണ് മോഹന്റേത്. ഓരോ രാത്രിയിലും അടുത്ത ദിവസത്തേക്കുള്ള സീനുകൾ ചർച്ച ചെയ്യുന്നതൊക്കെ എനിക്കിപ്പോഴും ഓർമയുണ്ട്.  അദ്ദേഹം സുഖമില്ലാതെ കിടക്കുമ്പോൾ ഒന്ന് പോയി കാണാൻ ഞാൻ പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല.  മലയാള സിനിമയ്ക്കു മോഹൻ നൽകിയ സംഭാവന ഞാൻ എടുത്തു പറയേണ്ട കാര്യമില്ല. ഓരോ ആർടിസ്റ്റിന്റെയും കരിയറിലെ മുഖമുദ്രയായിട്ട് അദ്ദേഹത്തിന്റെ സിനിമകൾ വന്നു എന്നത് അവരുടെയൊക്കെ ഭാഗ്യമാണ്. 

മോഹന്റെ സിനിമകൾ കാണാൻ പോകുന്നവർ മോഹൻ എന്ന പേര് കണ്ടിട്ടാണ് പോയിരുന്നത്. അതിൽ ആര് അഭിനയിക്കുന്നു എന്നത് രണ്ടാമത്തെ കാര്യമാണ്. കോംപ്രമൈസിന് തയാറുള്ള ആളായിരുന്നില്ല മോഹൻ.  നമുക്ക് ഓക്കേ എന്ന് തോന്നുന്ന ഷോട്ട് പോലും മോഹൻ ഓക്കേ പറയാറില്ല.  താൻ ചെയ്യുന്നതിനെപ്പറ്റി പൂർണ ബോധ്യമുള്ള ഒരു സംവിധായകനോടൊപ്പം പ്രവർത്തിക്കുക എന്നത് നല്ല കാര്യമാണ്. ഞങ്ങൾ രണ്ടും സംവിധായകരായിരുന്നതുകൊണ്ട് തമ്മിൽ തെറ്റാനുള്ള അവസരം ധാരാളമുണ്ട് പക്ഷെ ഞങ്ങൾ തമ്മിൽ നല്ല പൊരുത്തമായിരുന്നു എന്നതാണ് സത്യം.  ഒരു നല്ല കാര്യം ചെയ്താൽ മോഹൻ അത് എടുത്തു പറഞ്ഞു നമ്മളെ പ്രോത്സാഹിപ്പിക്കും. സംവിധായകന്റെ പേര് നോക്കി സിനിമകൾ കാണുന്നവരുടെ ഡയറക്ടർ ആണ് മോഹൻ അത് സിനിമയ്ക്ക് ആരോഗ്യകരമാണ് എന്ന് ഞാൻ കരുതുന്നു.  ഒരു നല്ല സംവിധായകനായ മോഹൻ ഭൗതികമായി മരിച്ചെങ്കിലും അദ്ദേഹത്തിന്റെ സിനിമകളിലൂടെ ഇനിയും സജീവമായി നമുക്കിടയിൽ നിലനിൽക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.” ബാലചന്ദ്രമേനോൻ പറഞ്ഞു.

English Summary:
Balachandra Menon remembering M Mohan

7rmhshc601rd4u1rlqhkve1umi-list mo-celebrity-celebritydeath 4tjn7vac7gung9bt8p7saogsbg f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-balachandramenon


Source link

Related Articles

Back to top button