കൊച്ചി: സൂപ്പര്‍ ലീഗ് കേരളയ്ക്കായി ടീം ഫോഴ്സ കൊച്ചി ഒരുങ്ങി. ടീമിന്റെ പ്രഖ്യാപനവും ജഴ്സി പ്രകാശനവും ഇന്നലെ ലുലു മാളില്‍ നടന്നു. ഇന്ത്യന്‍ മുന്‍ ഹോക്കി താരം പി.ആര്. ശ്രീജേഷ് ജഴ്സി പുറത്തിറക്കി. നടന് പൃഥ്വിരാജ്-സുപ്രിയ ദമ്പതികളാണു ടീമിന്റെ ഉടമകൾ. നസ്ലി മുഹമ്മദ്, ഷമീം ബക്കര്‍, പ്രവീഷ് കുഴിപ്പള്ളി, ഷൈജല്‍ മുഹമ്മദ് എന്നിവർ സഹ ഉടമകളുമാണ്. പോര്‍ച്ചുഗലില്‍നിന്നുമുള്ള മരിയോ ലെമോസാണ് ഫോഴ്സ കൊച്ചിയുടെ ഹെഡ് കോച്ച്. കൂടാതെ ആറു വിദേശ താരങ്ങള്‍ അടങ്ങുന്ന ടീമില്‍ ചെന്നൈയിൻ എഫ്സിക്കൊപ്പം 2015ലും 2018ലും ഐഎസ്എല്‍ ചാമ്പ്യനായ ബ്രസീല്‍ മധ്യനിരക്കാരന് റാഫേല്‍ അഗസ്റ്റോയും ടുണീഷ്യന്‍ ദേശീയ താരമായ സയിദ് മുഹമ്മദ് നിഥാല്‍, ഡിസിരി ഒമ്രാന്, ഐവറി താരം മോക്കി ജീന്‍ ബാപ്പിസ്റ്റെ, സൗത്ത് ആഫ്രിക്കന്‍ താരം സിയാന്‍ഡ നിഗുമ്പൊ, കൊളംബിയന്‍ താരം റോഡ്രിഗസ് അയാസോ ലൂയിസ് ഏഞ്ചല്‍ എന്നിവരും ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ മുന്‍ ഗോള്‍ കീപ്പറും ഐഎസ്എല്‍ താരവുമായ സുഭാശിഷ് റോയ് ചൗധരിയാണു ക്യാപ്റ്റനും ഗോള്‍ കീപ്പറും. സന്തോഷ് ട്രോഫി കേരള ടീം താരങ്ങളായ നിജോ ഗില്‍ബര്‍ട്ട്, അര്ജുന് ജയരാജ്, ഹജ്മല്‍ സക്കീര്‍, ഐ ലീഗ്, കേരള പ്രീമിയര്‍ താരങ്ങള്‍ തുടങ്ങിയവർ ഫോഴ്സ കൊച്ചിക്കായി ബൂട്ടണിയും. മുന്‍ ഇന്ത്യന്‍ താരം ജോ പോള്‍ അഞ്ചേരിയാണു ഫോഴ്സ കൊച്ചിയുടെ സഹപരിശീലകന്‍. സെപ്റ്റംബര്‍ എഴിനാണ് ഫോഴ്സയുടെ ആദ്യ മത്സരം. കലൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഫോഴ്സയുടെ എതിരാളി മലപ്പുറം എഫ്സിയാണ്.
Source link