സ്റ്റോക്ഹോം: ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിന്റെ ആദ്യ വിദേശ കോച്ച് എന്ന റിക്കാർഡ് കുറിച്ച സ്വീഡിഷ് മാനേജർ സ്വെൻ ഗോരാൻ എറിക്സണ് (76) അന്തരിച്ചു. കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. 1977നും 2001നും ഇടയിൽ സ്വീഡൻ, പോർച്ചുഗൽ, ഇറ്റലി എന്നിവിടങ്ങിലെ വിവിധ ക്ലബ്ബുകളിലായി 18 ട്രോഫികൾ മാനേജർ എന്ന നിലയിൽ എറിക്സണ് സ്വന്തമാക്കിയിരുന്നു. ക്ലബ് തലത്തിലെ മികച്ച പരിശീലക ട്രാക്ക് റിക്കാർഡാണ് ഇംഗ്ലണ്ട് പുരുഷ ദേശീയ ടീമിന്റെ മാനേജർ സ്ഥാനത്തേക്ക് എറിക്സണിനെ എത്തിച്ചത്. ഡേവിഡ് ബെക്കാം, സ്റ്റീവൻ ജെറാർഡ്, വെയ്ൻ റൂണി എന്നിവടങ്ങിയ ഇംഗ്ലണ്ട് ടീമിനെയായിരുന്നു എറിക്സണ് പരിശീലിപ്പിച്ചത്. ഫിഫ ലോകകപ്പ്, യുവേഫ യൂറോ കപ്പ് എന്നീ പോരാട്ടങ്ങളിൽ ഇംഗ്ലണ്ടിനെ ക്വാർട്ടർ ഫൈനലിനപ്പുറമെത്തിക്കാൻ എറിക്സണിനു സാധിച്ചില്ലെന്നതും വാസ്തവം. ഇംഗ്ലണ്ടിനെ 2001 മുതൽ 2006വരെ പരിശീലിപ്പിച്ചു. എറിക്സണിന്റെ ശിക്ഷണത്തിൽ 67 മത്സരങ്ങളിൽ ഇറങ്ങി 40 ജയം, 17 സമനില, 10 തോൽവി എന്ന പ്രകടനം കാഴ്ചവച്ചു. 59.70 ആയിരുന്നു എറിക്സണിന്റെ ശിക്ഷണത്തിൽ ഇംഗ്ലണ്ടിന്റെ വിജയശതമാനം.
ഇംഗ്ലണ്ടിനുശേഷം മെക്സിക്കോ, ഐവറി കോസ്റ്റ്, ഫിലിപ്പീൻസ് ടീമുകളെയും എറിക്സണ് രാജ്യാന്തര തലത്തിൽ പരിശീലിപ്പിച്ചു. ഡിഗെർഫോർസ് ഐഎഫിലൂടെ 1977ലാണ് എറിക്സണ് പരിശീലന കരിയർ ആരംഭിച്ചത്. തുടർന്ന് ബെൻഫിക, എഎസ് റോമ, ഫിയോറെന്റീന, ലാസിയൊ, സാംപ്ഡോറിയ, മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ സിറ്റി തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ചു. 10 രാജ്യങ്ങളിൽ ക്ലബ് തലത്തിൽ എറിക്സണ് മാനേജരായിട്ടുണ്ട്. 1982ൽ ഐഎഫ്കെ ഗോഥെൻബർഗിനെ യുവേഫ കപ്പിൽ എത്തിച്ചതോടെയാണ് എറിക്സണ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. യുവേഫ കപ്പ് സ്വന്തമാക്കുന്ന ആദ്യ സ്വീഡിഷ് ക്ലബ്ബായിരുന്നു ഐഎഫ്കെ ഗോഥെൻബർഗ്. കളിക്കളത്തിൽ റൈറ്റ് ബാക്കായിരുന്ന എറിക്സണ് ക്ലബ് തലത്തിൽ ആകെ 150 മത്സരങ്ങളിൽ ഇറങ്ങി. 28 ഗോൾ സ്വന്തമാക്കി.
Source link