ലണ്ടൻ: ഇന്ത്യയ്‌ക്കകത്തും പുറത്തുമുള്ള ജനങ്ങൾക്കിടയിൽ ശ്രദ്ധ നേടിയ വിവാഹമാണ് അനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ പരിപാടികളെല്ലാം വൈറലായിരുന്നു. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് പോപ് താരം ജസ്റ്റിൻ ബീബറുടെ പ്രോഗ്രാം.
പ്രീ വെഡ്ഡിംഗ് ആഘോഷമായ ‘സംഗീത്’ കൊഴുപ്പിക്കാനാണ് ബീബറിനെ അംബാനി മുംബയിൽ എത്തിച്ചത്. അന്ന് സ്വന്തം പാട്ടുകൾ അവതരിപ്പിച്ച ബീബർ പത്ത് മില്യൺ ഡോളർ (83 കോടി രൂപ ) യാണ് പ്രതിഫലമായി വാങ്ങിയത്. എന്നാൽ, അംബാനിയുടെ ക്ഷണം സ്വീകരിച്ചെത്തിയത് സംഗീതത്തോടുള്ള ഇഷ്‌ടം കൊണ്ടുമാത്രമല്ല, ബീബറുടെ ഭാര്യയ്‌ക്ക് കൂടി വേണ്ടിയാണ് ഈ പരിപാടിയിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്.
മോഡലായ ഹെയ്‌ലി ബീബറാണ് ജസ്റ്റിൻ ബീബറുടെ ഭാര്യ. അടുത്തിടെയാണ് ഇവർക്ക് ഒരു ആൺകുഞ്ഞ് പിറന്നത്. കുഞ്ഞിക്കാലിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ബീബറാണ് ഇൻസ്റ്റഗ്രാമിലൂടെ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. അത്യാഢംബരമായ ജീവിതമാണ് ഹെയ്‌ലി നയിക്കുന്നത്. ഇതിനായി പണം കണ്ടെത്താൻ കൂടിയാണ് ബീബർ അംബാനി കുടുംബത്തിലെ വിവാഹത്തിൽ പരിപാടി അവതരിപ്പിച്ചതെന്നാണ് ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
ചെറിയ ആവശ്യങ്ങൾക്ക് പോലും ഹെയ്‌ലി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമെന്നും ഇതിനായി പ്രൈവറ്റ് ജെറ്റ് ഉപയോഗിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നഖങ്ങൾ മാനിക്യൂർ ചെയ്യാനായി മാത്രം ഒരിക്കൽ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്‌തുവെന്നും ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ടിൽ പറയുന്നു.
Source link