ഷക്കീബിനെ വിലക്കണം; വക്കീൽ നോട്ടീസ്
ധാക്ക: കൊലക്കുറ്റത്തിനു കേസെടുത്തതിനു പിന്നാലെ ഷക്കീബ് അൽ ഹസനെ ക്രിക്കറ്റിൽനിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് വക്കീൽ നോട്ടീസ്. കൊല്ലപ്പെട്ട യുവാവിന്റെ പിതാവാണ് വക്കീൽ നോട്ടീസയച്ചത്. നിലവിൽ പാക്കിസ്ഥാൻ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ടീമിനൊപ്പമാണ് ഷക്കീബ്. ബംഗ്ലാദേശിൽ നടന്ന പ്രക്ഷോഭത്തിനിടെ തയ്യൽ തൊഴിലാളിയെ കൊലപ്പെടുത്തി എന്ന കേസിലാണ് ഷക്കീബ് ഉൾപ്പെടെ 154 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ 28-ാം പ്രതിയാണ് താരം. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നടൻ ഫെർദസ് അഹമ്മദും പ്രതിപ്പട്ടികയിലുണ്ട്. ധാക്കയിലെ ഒരു റാലിക്കിടെയാണ് സംഭവം.
പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുശേഷം ഷക്കീബ് അൽ ഹസന്റെ കേസു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഫറുഖ് അഹമ്മദ് പ്രതികരിച്ചിരുന്നു. ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് പത്ത് വിക്കറ്റ് ജയം നേടി. ഓഗസ്റ്റ് ഏഴിനാണ് മുഹമ്മദ് റുബൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ റുബലിന്റെ പിതാവ് റഫീഖുൾ ഇസ്ലാം നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റൽ ചെയ്തു. നെഞ്ചിനും വയറിനും വെടിയേറ്റാണ് റുബൽ കൊല്ലപ്പെട്ടത്.
Source link