ആ രണ്ട് വഴികൾ പ്രയോഗിച്ചാലും വേട്ടക്കാർക്ക് രക്ഷയുണ്ടോ? നിയമം പറയുന്നത്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നും അതിന് പിന്നാലെ വരുന്ന വെളിപ്പെടുത്തലുകളാലും ഇതുവരെ നേരിടാത്ത പ്രതിസന്ധിയിലേക്കാണ് മലയാള സിനിമ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സംവിധായകൻ രഞ്ജിത്തിനും നടൻ സിദ്ദിഖിനും രാജിവയ്ക്കേണ്ടി വന്നു. ഇവർക്കെതിരെ ഉടൻ നിയമ നടപടി വരും എന്നാണ് മനസിലാക്കുന്നത്. എം.എൽ.എ കൂടിയായ മുകേഷ്, അലൻസിയർ, സുധീഷ്, റിയാസ് ഖാൻ, ജയസൂര്യ, മണിയൻപിള്ള രാജു, ബാബുരാജ്, സംവിധായകൻ വി.എ ശ്രീകുമാർ…നടിമാരുടെ ആരോപണ ശരങ്ങൾ തറച്ചവരുടെ ലിസ്റ്റ് നീളുകയാണ്. നാളെ ആർക്കെതിരേയും ആരോപണം ഉയരാം. തെളിവുകൾ അവതരിപ്പിക്കപ്പെടാം.
സിനിമയെ ഭരിക്കുന്നവർക്കെതിരെയുള്ള നിരവധി മൊഴികളും അവയ്ക്കെല്ലാം തെളിവുകളും ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ടായിരുന്നു. അതുകൊണ്ടാണ് അത് പുറത്തുവരുന്നതിനെ തുടക്കം മുതൽ സർക്കാർ ഒളിഞ്ഞും തെളിഞ്ഞും എതിർത്തത്. ഭരണത്തിൽ ചില സിനിമാക്കാരുടെ സ്വാധീനം കാരണം വെളിച്ചം കാണാതിരുന്ന റിപ്പോർട്ട് വിവരാവകാശ കമ്മീഷനും ഹൈക്കോടതിയും ഇടപെട്ടതോടെയാണ് ഭാഗികമായെങ്കിലും പുറത്തു വന്നത്. എന്നിട്ടും സാസ്കാരിക വകുപ്പ് ഇരയ്ക്കൊപ്പമെന്നു പറഞ്ഞുകൊണ്ട് വേട്ടക്കാരുടെ താൽപര്യം സംരക്ഷിക്കുന്നതായി ആരോപണമുയർന്നു.
സിനിമയിലെ സ്ത്രീകളുടെ ദുരനുഭവങ്ങളെ ‘ഞെട്ടിക്കുന്നത് ‘ എന്നു വിശേഷിപ്പിച്ചാണ്, ഒന്നാമത്തെ പ്രശ്നമായി ലൈംഗികാതിക്രമം ജസ്റ്റിസ് ഹേമ ചൂണ്ടിക്കാട്ടിയത്. സിനിമയിൽ അവസരം കിട്ടാൻ ലൈംഗിക ബന്ധം പകരം ചോദിക്കുന്നെന്നും ജോലിസ്ഥലത്തും യാത്രയിലും താമസസ്ഥലത്തും അതിക്രമം നേരിടുന്നുവെന്നും വിശദീകരിച്ചാണ് പ്രധാന പ്രശ്നം ലൈംഗിക അതിക്രമമാണെന്നു റിപ്പോർട്ടിൽ അടിവരയിട്ടു പറയുന്നത്.
ഞെട്ടിക്കുന്ന കാര്യം എന്താണെന്ന് വച്ചാൽ, 49 മുതൽ 53 വരെ പേജുകളിലെ 11 ഖണ്ഡികകൾ ഒഴിവാക്കിയാണ് റിപ്പോർട്ടിന്റെ പകർപ്പ് സർക്കാർപുറത്തുവിട്ടത് എന്നതാണ്. ഇതു തിരിച്ചറിയാതിരിക്കാൻ പേജ് നിറയുന്ന വിധം ഫോട്ടോകോപ്പി എടുത്തു. ലൈംഗികാതിക്രമ വിവരങ്ങളാണ് ഒഴിവാക്കിയത്. 48ാം പേജിലെ 93-ാം പാരഗ്രാഫിൽ, സിനിമയിലെ പ്രമുഖരിൽ നിന്നുൾപ്പെടെ ലൈംഗികാതിക്രമം നേരിടേണ്ടിവന്നെന്ന് പറയുന്നുണ്ട്. ഇതു കഴിഞ്ഞുള്ള 5 പേജുകളാണ് പൂർണമായി ഒഴിവാക്കിയത്. 42, 43 പേജുകളിലെ 85-ാം പാരഗ്രാഫും 59, 79 പേജുകളിലെ 44 പാരാഗ്രാഫുകളും ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നു. 49, 53 പേജുകൾ ഒഴിവാക്കുന്നത് അറിയിച്ചതുമില്ല.
ആരോപണം ഉന്നയിച്ച നടിമാർ പരാതി നൽകിയാൽ കേസ് എടുക്കാമെന്ന് സർക്കാർ പറയുമ്പോഴും പരാതിയില്ലെങ്കിൽ പോലും പൊലീസിന് കേസ് എടുക്കാൻ നമ്മുടെ നിയമവ്യവസ്ഥ അനുവദിക്കുന്നുണ്ട്. പ്രതിസ്ഥാനത്തുള്ളവർ സ്വാധീനമുള്ളവർ ആയതുകൊണ്ടുതന്നെയാണ് പൊലീസ് അതിന് മടിക്കുന്നതെന്ന് വേണം കരുതാൻ. ഒരു സാധാരണക്കാരനായിരുന്നു ആരോപണവിധേയനെങ്കിൽ എപ്പോഴേ കേസ് എടുക്കുമായിരുന്നു.
ഇര കോടതിയിൽ കൊടുക്കുന്ന മൊഴിപോലും തെളിവായി (ഓറൽ എവിഡൻസ്) കോടതിക്ക് സ്വീകരിക്കാം. എന്നാൽ ആ പറയുന്നത് തെളിയിക്കാൻ ഇരയ‌്ക്ക് കഴിയണം. അല്ലാത്ത പക്ഷം കേസ് നിലനിൽക്കില്ല.
ഇനി ആരോപണവിധേയരുടെ കാര്യമെടുത്തുകഴിഞ്ഞാൽ, അവർക്കും കോടതിയെ സമീപിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. മാനനഷ്‌ടകേസ് (ഡിഫേമേഷൻ) ഫയൽ ചെയ്യാം. എന്നാൽ, നോൺ കോഗ്നിസിബിൾ ഒഫൻസ് ആയതുകൊണ്ടുതന്നെ പൊലീസിന് നേരിട്ട് കേസ് എടുക്കാൻ കഴിയില്ല. അവമതിപ്പുണ്ടാക്കിയ പ്രസ്താവനയ‌്ക്കെതിരെ അത് ഉന്നയിച്ചയാൾക്ക് ആദ്യഘട്ടമായി ആരോപണ വിധേയന് നോട്ടീസ് നൽകാം. ക്ഷമാപണമോ, നഷ്‌ടപരിഹാരതുകയോ ആണ് ഇത്തരത്തിൽ മാനനഷ്‌ടകേസ് ഫയൽ ചെയ്യുമ്പോൾ ആവശ്യപ്പെടുക. നോട്ടീസിൽ എതിർകക്ഷി പ്രതികരിക്കാത്ത പക്ഷം കോടതിക്ക് കേസ് എടുക്കാം. തുടർന്ന് എതിർകക്ഷിയുടെ പരാതിയിൽ കഴമ്പില്ലെന്ന് കോടതിക്ക് ബോദ്ധ്യമാകുന്ന സാഹചര്യത്തിൽ നഷ്‌ടപരിഹാരം ലഭിക്കും.
ഇനി മറ്റൊന്നുള്ളത്, തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് (ഫോൾസ് അലിഗേഷൻ) കാണിച്ച് ആരോപണവിധേയന് കോടതിയെ സമീപിക്കാം. പക്ഷേ പരാതിക്കാരന് താൻ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ബാധ്യതയുണ്ടാകും.
”ധാരാളം പോക്‌സോ കേസ് കൈകാര്യം ചെയ്യുന്നയാൾ എന്ന നിലയിൽ പറയട്ടെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ധാരാളം പേർ നമ്മുടെ നിയമത്തെ ചൂഷണം ചെയ്യുന്ന സാഹചര്യം നിലനിൽക്കുകയാണ്. ആരോപണം ഉന്നയിക്കുന്നവരെ മാനസിക നിലകൂടി ഒരു എക്‌സ്‌പേർട്ടിനെ കൊണ്ട് പരിശോധിപ്പിക്കേണ്ടതാണ്”. – അഡ്വ. കല്ലൂർ കൈലാസ് നാഥ്, മുതിർന്ന അഭിഭാഷകൻ
Source link