പാരീസ്: ഒളിന്പിക് ആവേശം കെട്ടടങ്ങി ദിനങ്ങൾ പിന്നിടുന്പോൾ പാരീസിൽ മറ്റൊരു ലോക കായിക മാമാങ്കത്തിനു ദീപം തെളിയുന്നു. പാരാലിന്പിക്സിന്റെ പ്യാറിലേക്കാണ് ഇനിയുള്ള പാരീസ് ദിനങ്ങൾ. 2024 പാരാലിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ നടക്കും. ഈ മാസം 28 മുതൽ സെപ്റ്റംബർ എട്ടുവരെയാണ് 17-ാമത് പാരാലിന്പിക്സ് പാരീസിൽ അരങ്ങേറുക. ജിയൊസിനിമയിലൂടെ മത്സരങ്ങൾ തത്സമയം ആരാധകർക്കു മുന്നിലെത്തും. പാരീസ് നഗരം പാരാലിന്പിക്സിന് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമാണ്. ഇന്ത്യക്കു റിക്കാർഡ് സംഘം പാരീസ് പാരാലിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 84 കായികതാരങ്ങളാണ് പങ്കെടുക്കുക. 52 പുരുഷന്മാരും 32 വനിതകളുമുൾപ്പെടെയാണിത്. പാരാലിന്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇത്തവണത്തേത് എന്നതും ശ്രദ്ധേയം. 2020 ടോക്കിയോ ഗെയിംസിൽ 54 താരങ്ങൾ പങ്കെടുത്തതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ സംഘം. അന്പെയ്ത്ത്, അത്ലറ്റിക്സ്, ബാഡ്മിന്റണ്, സൈക്ലിംഗ്, ഷൂട്ടിംഗ് അടക്കം 12 കായിക ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. 2020 ടോക്കിയോയിൽ അഞ്ചു സ്വർണം, എട്ടു വെള്ളി, ആറു വെങ്കലം എന്നിങ്ങനെ ഇന്ത്യ 19 മെഡൽ നേടിയിരുന്നു. ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽക്കൊയ്ത്തായിരുന്നു അത്. ടോക്കിയോയിലേക്കാളും മികച്ച പ്രകടനമാണ് പാരീസിൽ ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്. പാരാലിന്പിക്സ് ചരിത്രത്തിൽ ഇന്ത്യക്ക് ഇതുവരെ ആകെ ഒന്പത് സ്വർണം, 12 വെള്ളി, 10 വെങ്കലം എന്നിങ്ങനെ 31 മെഡലുണ്ട്. സുമിത്, ഭാഗ്യശ്രീ പതാകയേന്തും ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ നടക്കുന്ന മാർച്ച്പാസ്റ്റിൽ ഇന്ത്യയുടെ ദേശീയ പതാകയേന്തുന്നത് പുരുഷ ജാവലിൻത്രോ താരം സുമിത് അന്റിലും വനിതാ ഷോട്ട്പുട്ട് താരം ഭാഗ്യശ്രീ ജാദവുമാണ്.
2020 ടോക്കിയോ പാരാലിന്പിക്സിൽ ജാവലിൻത്രോ എഫ്64 ഇനത്തിൽ സ്വർണ മെഡൽ ജേതാവാണ് സുമിത് അന്റിൽ. 2023, 2024 ലോക ചാന്പ്യൻഷിപ്പുകളിലും ഇതേയിനത്തിൽ സുമിത് സ്വർണം നേടിയിരുന്നു. 2022 ഏഷ്യൻ പാരാ ഗെയിംസിലും ഒന്നാം സ്ഥാനത്തെത്തി. 2022 ഏഷ്യൻ പാരാ ഗെയിംസിൽ ഷോട്ട്പുട്ട് എഫ്34 ഇനത്തിൽ വെള്ളി മെഡൽ ജേതാവാണ് ഭാഗ്യശ്രീ. 2020 ടോക്കിയോ പാരാലിന്പിക്സിൽ ഇന്ത്യക്കുവേണ്ടി ഇറങ്ങിയെങ്കിലും മെഡൽ നേടാൻ സാധിച്ചില്ല. വനിതാ എഡിഷൻ പാരാലിന്പിക്സ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ താരങ്ങൾ പങ്കെടുക്കുന്ന പോരാട്ടമാണ് പാരീസിൽ അരങ്ങേറുന്നത്. 167 രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ 2024 പാരീസ് പാരാലിന്പിക്സിൽ പങ്കെടുക്കും. കൂടാതെ റെഫ്യൂജി പാരാലിന്പിക്സ് ടീം, ന്യൂട്രൽ പാരാലിന്പിക്സ് അത്ലറ്റ്സ് എന്നിങ്ങനെയും പങ്കാളിത്തമുണ്ട്. ഏകദേശം 4,500 താരങ്ങൾ പാരീസിലെത്തുമെന്നാണ് കണക്ക്. 2012, 2020 പാരാലിന്പിക്സുകളിൽ 164 ഡെലഗേഷൻസ് ഉണ്ടായതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. 22 കായിക ഇനങ്ങളിലായി 549 മെഡൽ പോരാട്ടങ്ങളാണ് നടക്കുക. ചരിത്രത്തിൽ ഏറ്റവും കൂടുതൽ വനിതാ താരങ്ങൾ മത്സരിക്കാനെത്തുന്ന പാരാലിന്പിക്സാണ് പാരീസിലേത്. 1983 വനിതകൾ പാരീസ് പാരാലിന്പിക്സിൽ എത്തുമെന്നാണ് വിവരം. ടോക്കിയോയിൽ 1846 വനിതാ താരങ്ങളെത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
Source link