KERALAMLATEST NEWS

‘മൺസൂൺ വധു’ എന്ന് കേട്ടിട്ടുണ്ടോ? രണ്ടര ലക്ഷമുണ്ടെങ്കിൽ പെൺകുട്ടിയെ കിട്ടും; ഇതൊക്കെയാണ് നടക്കുന്നത്

ഇസ്ലാമാബാദ്: അടുത്തിടെ പാകിസ്ഥാനിൽ ട്രെൻഡായിക്കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് ‘മൺസൂൺ വധു’. മൺസൂൺ കാലത്ത് പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് വിടുന്നതാണോ ഈ മൺസൂൺ വധു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് പലരും കരുതുന്നത്. സംഭവം ഒരർത്ഥത്തിൽ ശരിയാണ്. എന്നാൽ കുറച്ച് വ്യത്യാസങ്ങൾ ഉണ്ട്.

‘മൺസൂൺ വധു’

പ്രായപൂർത്തിയാകാത്ത, വെറും പത്തോ പതിനൊന്നോ വയസിൽ തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് വിടുന്നു. സമീപ വർഷങ്ങളിൽ രാജ്യത്ത് ബാല വിവാഹ നിരക്ക് കുറവായിരുന്നു. എന്നാൽ 2022 ലെ വെള്ളപ്പൊക്കത്തിന് ശേഷം, സാമ്പത്തിക അരക്ഷിതാവസ്ഥ കൊണ്ടൊക്കെ ഇത്തരം വിവാഹങ്ങൾ വർദ്ധിച്ചുവരികയാണ്. തന്നേക്കാൾ ഒന്നോ രണ്ടോ ഇരട്ടി വയസ് കൂടുതലുള്ളവരെയാണ് പലരും വിവാഹം കഴിക്കുന്നത്.

2022ലെ വെള്ളപ്പൊക്കത്തിൽ രാജ്യത്തിന്റെ മൂന്നിലൊന്നും വെള്ളത്തിനടിയിലാക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും വിളവെടുപ്പ് നശിപ്പിക്കുകയും ചെയ്തിരുന്നു. സിന്ധിലെ കാർഷികമേഖലയിലെ പല ഗ്രാമങ്ങളും ഇപ്പോഴും കരകയറിയിട്ടില്ല. ഇത് ‘മൺസൂൺ ബ്രൈഡ്’ എന്ന പുതിയ പ്രവണതയിലേക്ക് നയിച്ചു.

‘ഇത്തരം വിവാഹങ്ങളിലൂടെ കുടുംബങ്ങൾ അതിജീവനത്തിനുള്ള മാർഗം കണ്ടെത്തുകയാണ്. പണത്തിന് പകരമായി അവരുടെ പെൺമക്കളെ വിവാഹം ചെയ്‌തുകൊടുക്കുന്നു.ഇതിലൂടെ തങ്ങളുടെയും മകളുടെയും ഭാവി സുരക്ഷിതമാക്കാമെന്ന് മാതാപിതാക്കൾ കണക്കുകൂട്ടുന്നു.’- സുരാജ് സൻസാർ എന്ന എൻ ജി ഒയുടെ ചെയർമാൻ മഷൂഖ് ബിർമണി പറഞ്ഞു.വെള്ളപ്പൊക്കത്തിന് ശേഷം ദാദു ജില്ലയിലെ ഗ്രാമങ്ങളിൽ ശൈശവവിവാഹം വർദ്ധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന്‌ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നാണിത്.

മാതാപിതാക്കൾക്ക് കിട്ടിയത് രണ്ടര ലക്ഷം

2022ൽ പതിനാലാം വയസിൽ വിവാഹിതയായ പെൺകുട്ടിയാണ് നജ്മ അലി. തുടക്കത്തിൽ വളരെ സന്തോഷവതിയായിരുന്നു. പാകിസ്ഥാനിലെ പാരമ്പര്യം പോലെ അവളുടെ അമ്മായിയമ്മയോടൊപ്പം താമസിക്കാൻ തുടങ്ങി. ‘ഞങ്ങളുടെ വിവാഹം നടക്കാൻ ഭർത്താവ് എന്റെ മാതാപിതാക്കൾക്ക് 250,000 രൂപ നൽകി. പക്ഷേ, വായ്പയെടുത്താണ് ആ പണം നൽകിയത്. അദ്ദേഹത്തിന് ഇപ്പോൾ തിരിച്ചടയ്ക്കാൻ മാർഗമില്ല.വിവാഹം കഴിച്ചാൽ എനിക്ക് ലിപ്സ്റ്റിക്ക്, മേക്കപ്പ്, വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവ ലഭിക്കുമെന്ന് ഞാൻ കരുതി. ആറ് മാസം പ്രായമായ കുഞ്ഞുണ്ട്. ഞങ്ങൾക്ക് കഴിക്കാൻ ഒന്നുമില്ല.’- പെൺകുട്ടി പറഞ്ഞു.

‘ഞാൻ വിവാഹിതയാകാൻ പോകുകയാണെന്ന് കേട്ടപ്പോൾ വളരെയേറെ സന്തോഷം തോന്നി. എന്റെ ജീവിതം മനോഹരമാകുമെന്ന് കരുതി’- ഷാലിമ എന്ന പെൺകുട്ടി പറഞ്ഞു. ഇരട്ടി വയസുള്ളയാളെയാണ് ആ പെൺകുട്ടി വിവാഹം കഴിച്ചത്.

മുപ്പത്തിയൊന്നുകാരനായ ദിൽദാർ അലി ഷെയ്ഖ് തന്റെ മൂത്ത മകൾ മെഹ്താബിനെ വിവാഹം കഴിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. ‘മകളുടെ കല്യാണം കഴിപ്പിച്ചാൽ അവൾക്ക് കഴിക്കാൻ ഭക്ഷണം ലഭിക്കും. മെച്ചപ്പെട്ട സാഹചര്യത്തിൽ ജീവിക്കാൻ കഴിയും’- ദിവസവേതനക്കാരനായ അദ്ദേഹം പറഞ്ഞു. മെഹ്താബിന് പത്ത് വയസാണ്.

മകളുടെ വിവാഹം നടത്താൻ തീരുമാനിച്ച ദിവസം തനിക്ക് ഉറങ്ങാൻ സാധിച്ചില്ലെന്ന് മെഹ്താബിന്റെ മാതാവ് പറഞ്ഞു. ഇരുപതോ ഇരുപത്തിയൊന്നോ വയസേ ഈ സ്ത്രീയ്‌ക്ക് ഉള്ളൂ. ഒടുവിൽ ഒരു എൻ ജി ഒ വിഷയത്തിൽ ഇടപെട്ടു. ഇതോടെ മാതാപിതാക്കൾ തീരുമാനം മാറ്റി.

എനിക്ക് പഠിക്കണം

കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിച്ച ചില കണക്കുകൾ പ്രകാരം 18 വയസിന് മുമ്പ് വിവാഹിതരായ പെൺകുട്ടികളുടെ എണ്ണത്തിൽ ലോകത്ത് ആറാം സ്ഥാനത്തുള്ള രാജ്യമാണ് പാകിസ്ഥാൻ. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശൈശവ വിവാഹങ്ങൾ സാധാരണമാണ്.

പഠിക്കാനുള്ള അവസരങ്ങൾ വരെ പെൺകുട്ടികൾക്ക് നഷ്ടമാകുന്നു. പഠിക്കേണ്ട പ്രായത്തിൽ വിവാഹവും പ്രസവവുമൊക്കെ നടക്കുന്നു. അതിനാൽത്തന്നെ വിദ്യാഭ്യാസം ഇവിടെ പലർക്കും വെറുമൊരു സ്വപ്നം മാത്രമാണ്.


Source link

Related Articles

Back to top button