‘സ്ത്രീയോടാണ് സംസാരിക്കുന്നതെന്ന ബോദ്ധ്യം അയാൾക്കുണ്ടാകണം’; ധർമ്മജനെതിരെ പ്രേംകുമാർ
തിരുവനന്തപുരം: ചാനൽ ചർച്ചയിൽ പങ്കെടുത്ത് വനിത അവതാരകയോട് മോശമായി സംസാരിച്ച നടൻ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ. ചർച്ചയിൽ പങ്കെടുത്ത് ധർമ്മജന് സ്ത്രീയോടാണ് സംസാരിക്കുന്നതെന്ന ബോദ്ധ്യമുണ്ടാകണമെന്ന് പ്രേം കുമാർ പറഞ്ഞു. അദ്ദേഹം സംസാരിച്ച ഭാഷയും സ്വരവും പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എന്റെ സുഹൃത്താണ് ധർമ്മജൻ. ഇക്കാര്യം പറയുന്നതിൽ എനിക്ക് ഖേദമുണ്ട്. ഒരു കലാകാരൻ സമൂഹത്തിന് ഏറ്റവും വലിയ മാതൃകയാകേണ്ടവനാണ്. സമൂഹത്തെ സ്വാധീനിക്കാനും മുന്നോട്ടു നയിക്കാനും ശരിയിലേക്ക് നയിക്കാനുമുള്ള വലിയ ദൗത്യമുള്ളവരാണ്. അല്ലാതെ വിനോദിപ്പിക്കൽ മാത്രമല്ലല്ലോ. അങ്ങനെയുള്ളവർ സമൂഹത്തിന്റെ ഏറ്റവും വലിയ മാതൃകയാകണം. സംസാരത്തിലും പ്രവൃത്തിയിലും ആ മാതൃക അവർ കൊണ്ടുവരണം’- പ്രേം കുമാർ പറഞ്ഞു.
ഇതിനിടെ ധർമ്മജനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. മാദ്ധ്യമ പ്രവർത്തകയെ വ്യക്തിപരമായി അവഹേളിച്ച ധർമ്മജന്റെ നിലപാട് തെറ്റാണെന്ന് വിഡി സതീശൻ പറഞ്ഞു. തെറ്റ് ചെയ്താൽ സിപിഎമ്മിനെ പോലെ ന്യായീകരിക്കില്ല. തെറ്റ് ചെയ്യുന്നവരെ ന്യായീകരിക്കില്ലെന്നത് ഞങ്ങളുടെ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലാണ് ധർമ്മജൻ ചാനൽ അവതാരകയെ അവഹേളിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Source link