കതകു തട്ടലിനു ശേഷം എന്താണ് ഉണ്ടായതെന്നും ഗീത വിജയൻ പറയട്ടെ: തുളസീദാസ്

നടി ഗീത വിജയന്റെ ആരോപണങ്ങളിൽ മറുപടിയുമായി സംവിധായകൻ തുളസീദാസ്. ‘‘ഈ പ്രശ്‌നം നടന്നുവെന്നു പറയുന്ന സമയത്ത് ഞാൻ തുടക്കകാരനാണ്. എങ്ങനെയെങ്കിലും സിനിമ ചെയ്യുക എന്ന ആഗ്രഹത്തിൽ നടക്കുമ്പോൾ മറ്റൊരു ചിന്തയിലേക്കും പോകാൻ പറ്റില്ല” എന്ന് തുളസീദാസ് വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ തുറന്നുപറച്ചിലുകൾ മൂലം മലയാള സിനിമയ്ക്ക് നഷ്ടമുണ്ടാകാൻ പോകുന്നുവെന്ന് തുളസീദാസ് അഭിപ്രായപ്പെട്ടു.
തുളസീദാസിന്റെ വാക്കുകൾ ഇങ്ങനെ: ‘‘എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പരാതി എന്ന് എനിക്ക് മനസിലായിട്ടില്ല. സെറ്റിൽ അങ്ങനെയൊരു പ്രശ്നം ഗീത വിജയന് ഉണ്ടായതായി അറിയില്ല. സെറ്റിൽ നിന്നും വളരെ സന്തോഷമായി നന്ദി പറഞ്ഞാണ് ഗീത വിജയൻ പോയത്. അതിനു ശേഷവും പലയിടത്തുവച്ചും കണ്ടിട്ടുണ്ട്. അപ്പോളെല്ലാം ചിരിച്ചു സംസാരിച്ചാണ് പിരിഞ്ഞത്. 1991ലാണ് ആ സിനിമയുടെ ചിത്രീകരണം.അത് എന്റെ തുടക്ക സമയമാണ്. അന്ന് മറ്റൊരു ചിന്തയിലേക്കും പോകാനാകുന്ന മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ. എങ്ങനെയെങ്കിലും ഒരു സിനിമ ചെയ്തു രക്ഷപ്പെടുക എന്നതായിരുന്നു ആഗ്രഹം.
എന്റെ സെറ്റിൽ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. അന്ന് സെറ്റിൽ ഉർവശിയും മനോജ് കെ. ജയനും സിദ്ദിഖും ജയറാമുമെല്ലാം ഉണ്ടായിരുന്നു. ഷൂട്ടിന് ശേഷം അധിക ദിവസങ്ങളിലും സിദ്ദിഖ് എന്റെ മുറിയിൽ വന്ന് കഥ പറഞ്ഞിരിക്കും. വളരെ വൈകി പന്ത്രണ്ടുമണിയൊക്കെ ആകുമ്പോളാണ് മുറിയിൽ നിന്നും പോകുന്നത്. അപ്പോൾ ഗീത വിജയൻ അവിടെ എവിടെയെങ്കിലും നിൽക്കുന്നത് കണ്ടാൽ അവരോട് സിദ്ദിഖ് സംസാരിച്ചിട്ടാണ് പോകാറ്. അത്രയും സന്തോഷമായി കഴിഞ്ഞ സെറ്റിൽ ഞാൻ പോയി റൂം തട്ടിയെന്നും കോളിങ് ബെൽ അടിച്ചുവെന്നെല്ലാം പറയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. അതിൽ മറ്റു ലക്ഷ്യങ്ങൾ ഉണ്ടോ എന്നും അറിയില്ല. ഇനി അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ കോളിങ് ബെല്ലിനും കതകു തട്ടലിനും ശേഷം എന്താണ് ഉണ്ടായതെന്നും ഗീത വിജയൻ പറയട്ടെ.
സെറ്റിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നെങ്കിൽ ഉർവശിയോടോ സിദ്ദിഖിനോടോ ഈ പ്രശ്നം തുറന്നു പറയാമായിരുന്നില്ലേ. അവരൊക്കെ നല്ല സൗഹൃദത്തിൽ ആയിരുന്നല്ലോ. ഞാൻ എത്രയോ നടിമാരെ സംവിധാനം ചെയ്ത ആളാണ്. മലയാളത്തിലും തമിഴിലുമെല്ലാം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇതുവരെ ആരും എന്നെപ്പറ്റി ഒരു പരാതി പറഞ്ഞിട്ടില്ല. ഇത്രയും കാലത്തിനുശേഷം ഇങ്ങനെയൊരു പരാതി വന്നെങ്കിൽ അതിന്റെ കാരണം എനിക്ക് അറിയണം.
ഇത്തരം പ്രശ്നങ്ങളിലൂടെ നമ്മുടെ സിനിമ വ്യവസായം നശിച്ചുകൊണ്ടിരിക്കുകയാണ്. അത് ആരും തിരിച്ചറിയുന്നില്ല. അതുകൊണ്ട് ഈ പരാതികളൊക്കെ തെളിയണം എന്നാണ് എനിക്ക് പറയാനുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പരാതികളെപ്പറ്റി എനിക്ക് ഒന്നും പറയാനില്ല. ഞാൻ അത്തരക്കാരനല്ല എന്നുമാത്രമേ പറയാനാകൂ. ഇനി സാക്ഷികൾ ഉണ്ടെങ്കിൽ അതും സന്തോഷത്തോടെ കേൾക്കാൻ ഞാൻ കാത്തിരിക്കാം. ജീവിച്ചിരിക്കുന്ന കാലത്തോളം മറുപടി പറയും. മരിച്ചവരെപ്പറ്റിയും ഇപ്പോൾ പരാതികൾ ഉണ്ടാകുന്നുണ്ടല്ലോ. മാമുക്കോയയെപ്പറ്റിയെല്ലാം പറയുന്നത് കേൾക്കുന്നുണ്ടല്ലോ.
ഗീത വിജയനെ പിന്നീട് ഞാൻ സിനിമകളിൽ വിളിച്ചിട്ടുപോലുമില്ല. ഞാൻ മാത്രമല്ലല്ലോ അഭിനേതാക്കളെ തീരുമാനിക്കുന്നത്. ഈ കാരണം കൊണ്ടാണ് അവർ എന്റെ സിനിമയിൽ ഇല്ലാതിരുന്നത് എന്ന ആരോപണത്തിൽ കാര്യമില്ല. സെറ്റിൽ വസ്ത്രം മാറിവരാൻ അധികസമയം എടുത്താൽ അഭിനേതാക്കളെ വഴക്കു പറയാറുണ്ട്. സിനിമയ്ക്ക് ശേഷം ആരെയും ഞാൻ ഫോണിൽ വിളിക്കാറുപോലുമില്ല. അല്ലാതെയൊരു മോശം പെരുമാറ്റവും എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പരാതി നൽകാൻ എനിക്ക് ധൈര്യമുണ്ട്.’’
English Summary:
Thulasidas on Geetha Vijayan Claims: “Malayalam Film Industry Will Suffer”
Source link