KERALAMLATEST NEWS

പിന്നിൽ വലിയ ഗൂഢാലോചന, സത്യം തെളിയും: രഞ്ജിത്ത്

കോഴിക്കോട്: സർക്കാരിനെ കളങ്കമേല്പിക്കരുതെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തുനിന്നുള്ള തന്റെ രാജിയെന്ന് രഞ്ജിത്ത്. വലിയൊരു ഗൂഢാലോചനയുടെ ഒടുവിലത്തെ ഭാഗമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സത്യം തെളിയുമെന്നും അതുവരെ മാറിനിൽക്കാനാണ് തീരുമാനമെന്നും ഓഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.

കുറച്ചുകാലമായി തനിക്കെതിരെ ഇത്തരമൊരു ആരോപണമുയരുന്നുണ്ട്. ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത അന്നുതൊട്ട് ഒരു സംഘമാളുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനയാണ് ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന്റെ രൂപത്തിൽ പുറത്തുവന്നിരിക്കുന്നത്.

ഒരു വ്യക്തി എന്ന നിലയിൽ തനിക്ക് ഏറ്റിട്ടുള്ള വലിയ കളങ്കം മാറ്റാൻ എളുപ്പമല്ല. എന്നാൽ അത് സത്യമല്ലെന്ന് തെളിയിക്കേണ്ടത് തന്റെ ബാദ്ധ്യതയാണ്. തെറ്റുകാരനല്ലെന്ന് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തിയേ പറ്റൂ. ആരോപണങ്ങളുടെ ഒരുഭാഗം നുണയായിരുന്നു. അവർതന്നെ പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നടത്തിയിരിക്കുന്നത്. ലോകത്തെ സത്യം അറിയിക്കുന്നതിന് നിയമനടപടികളുമായി മുന്നോട്ടു പോകും.

വലതുപക്ഷ രാഷ്ട്രീയ നിലപാടുള്ളവരും അവർക്കൊപ്പം പോർമുഖത്ത് നിൽക്കുന്ന മാദ്ധ്യമങ്ങളും പല വിഷയങ്ങളിലും സർക്കാരിനെതിരെ ചെളി വാരിയെറിയുകയാണ്. ആ വിഷയങ്ങളിൽ ഒന്നിലാണ് എന്റെ പേരുള്ളത്. താൻ എന്ന വ്യക്തി കാരണം സർക്കാരിന് കളങ്കമേൽക്കും എന്ന പശ്ചാത്തലത്തിൽ സർക്കാർ നൽകിയ ഔദ്യോഗിക സ്ഥാനം രാജിവയ്ക്കുകയാണ്.

നിയമനടപടികൾ പൂർത്തിയായി സത്യം ലോകമറിയുന്ന ഒരവസരം വരും. സർക്കാരിന്റെ ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ടല്ല ആ പോരാട്ടം നടത്തേണ്ടത് എന്ന് വ്യക്തമായ ബോദ്ധ്യമുണ്ട്. അതിനാലാണ് രാജിവയ്ക്കുന്നത്. തന്റെ സ്വകാര്യതയിലേക്ക് അനുവാദമില്ലാതെയാണ് വലിയൊരു മാദ്ധ്യമസംഘം ഇരച്ചുകയറിവന്നത്. എന്നാൽ ഒരു മാദ്ധ്യമ ക്യാമറയെയും അഭിമുഖീകരിക്കേണ്ട ആവശ്യമില്ലെന്നുള്ളതിനാലാണ് ഈ ശബ്ദ സന്ദേശമെന്നും രഞ്ജിത്ത് വ്യക്തമാക്കി.


Source link

Related Articles

Back to top button