ഗർഭസ്ഥ ശിശുവിനെ തൊഴിച്ചു കൊന്ന യുവാവ് അറസ്റ്റിൽ
വിഷ്ണു ബിജു
തിരുവല്ല : ഒപ്പം താമസിച്ച യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന കേസിൽ യുവാവ് അറസ്റ്റിലായി. തിരുവല്ല പൊടിയാടി കാരാത്ര കോളനിയിൽ വടക്കേ പറമ്പിൽ വീട്ടിൽ വിഷ്ണു ബിജു (22) വിനെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ശാരീരിക അസ്വസ്ഥതയെ തുടർന്ന് യുവതിയെ ബന്ധുക്കൾ ശനിയാഴ്ച ഉച്ചയോടെ ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിച്ചു. സ്‌കാനിംഗിൽ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. ഭർത്താവ് തൊഴിച്ചതായി യുവതി ഡോക്ടറോട് പറഞ്ഞതോടെ പൊലീസിനെ അറിയിച്ചു. ഒളിവിൽപ്പോയ വിഷ്ണുവിനെ ഇന്നലെ ഉച്ചയോടെയാണ് പിടികൂടിയത്.
ഒരു വർഷം മുമ്പാണ് കല്ലിശേരി തൈമറവുങ്കര സ്വദേശിയായ യുവതിയെ വിഷ്ണു പൊടിയാടിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. സംഭവദിവസം രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ വിഷ്ണു യുവതിയുടെ വയറ്റിൽ തൊഴിക്കുകയായിരുന്നു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു.
Source link