53 അംഗ സംഘം യാത്രചെയ്‌ത ബസ് അപകടത്തിൽ പെട്ട് 35 മരണം, ജീവൻ നഷ്‌ടമായവരെല്ലാം പാകിസ്ഥാനിലെ തീർത്ഥാടകർ

ടെഹ്റാൻ: തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽ പെട്ട് 35 പേർ മരിച്ചു. പാകിസ്ഥാനിൽ നിന്നും ഇറാഖിലെ വിശ്വപ്രസിദ്ധമായ ഹുസൈൻ പള്ളിയിലേക്ക് തീർത്ഥയാത്ര പോകുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് മദ്ധ്യ ഇറാനിയൻ പ്രവിശ്യയായ യാസ്‌ദിൽ വച്ച് അപകടത്തിൽ പെട്ടത്. ചൊവ്വാഴ്‌ച രാത്രിയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക രക്ഷാവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ മിക്കവരുടെയും നില അതീവ ഗുരുതരമാണ്. ഷിയ വിഭാഗം വിശ്വാസികളുടെ പ്രധാന വാർഷിക ആചാരമായ അർബായീനിൽ പങ്കെടുക്കാൻ ഇറാഖിലെ കർബലയിലെ ഹുസൈൻ പള്ളിയിലേക്ക് പോകുകയായിരുന്നു പാകിസ്ഥാനിൽ നിന്നുള്ള ഈ തീർത്ഥാടകർ.
ഏഴാം നൂറ്റാണ്ടിൽ മുഹറം മാസത്തിലെ പത്താം നാൾ യുദ്ധത്തിൽ മരിച്ച അൽ ഹുസൈൻ ഇബ്‌ൻ അലിയുടെ രക്‌തസാക്ഷിത്വത്തെ സ്‌മരിക്കുന്ന 40 ദിവസം നീണ്ടുനിൽക്കുന്ന ആചാരവുമായി ബന്ധപ്പെട്ട തീർത്ഥാടനമാണിത്. മുഹമ്മദ് നബിയുടെ കൊച്ചുമകനാണ് അൽ ഹുസൈൻ ഇബ്‌ൻ അലി.
ബസ് അപകടമുണ്ടായത് എങ്ങനെയെന്ന് ഇറാനിയൻ അധികൃതർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ രാജ്യത്തെ ട്രാഫിക് സംവിധാനത്തിന്റെ പൊതുവായ കുഴപ്പങ്ങളാണ് അപകട കാരണമായതെന്നാണ് സൂചന. മോശം ട്രാഫിക് സംസ്‌കാരം കാരണം രാജ്യത്ത് പ്രതിവർഷം 17,000 പേരാണ് മരിക്കുന്നത് എന്നാണ് കണക്ക്.
Source link