ഒടുവിൽ പുറത്ത്; ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവച്ച് രഞ്ജിത്ത്

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവച്ചു. സർക്കാരിന് രാജിക്കത്ത് കൈമാറി. ഇന്നോ നാളെയോ രാജി വയ്ക്കുമെന്ന് ചലച്ചിത്ര അക്കാഡമി അംഗങ്ങളെ മുൻപ് അറിയിച്ചിരുന്നു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെത്തുടർന്നാണ് രാജി.
2009ൽ ‘പാലേരിമാണിക്യം’ സിനിമയുടെ ഒഡീഷനിടെ രഞ്ജിത്തിൽ നിന്ന് നേരിട്ട ദുരനുഭവം സി.പി.എം ആക്‌ടിവിസ്റ്റ് കൂടിയായ നടി കഴിഞ്ഞദിവസം തുറന്നുപറഞ്ഞിരുന്നു. ‘അകലെയിലെ’ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിച്ചത്. കൊച്ചിയിലെ ഹോട്ടലിലായിരുന്നു ഒഡീഷൻ.
സംവിധായകൻ രഞ്ജിത്തിനെ രാവിലെ കണ്ടു. ഫോട്ടോഷൂട്ട് നടന്നു. വൈകിട്ട് പ്രതിഫലം, കഥാപാത്രം തുടങ്ങിയവയെ സംസാരിക്കുന്നതിനിടെയാണ് മോശം അനുഭവമുണ്ടായത്. അടുത്തേക്കു വന്ന് ആദ്യം വളകളിൽ തൊട്ടു. മുടിയിൽ തലോടി കഴുത്തിലേക്ക് സ്‌പർശനം നീണ്ടപ്പോൾ ഇറങ്ങിയോടി. ടാക്‌സി വിളിച്ച് ഹോട്ടലിലേക്ക് പോയി. ഹോട്ടൽ മുറിയിലേക്ക് കടന്നുവരുമോയെന്ന് ഭയപ്പെട്ട് രാത്രി ഉറങ്ങിയില്ല.
തിരിച്ചുപോകാൻ വിമാന ടിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. സ്വന്തം ചെലവിൽ തൊട്ടടുത്ത ദിവസം ബംഗാളിലേക്ക് മടങ്ങി. ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോട് കാര്യങ്ങൾ പറഞ്ഞിരുന്നു. മലയാള സിനിമയിൽ പിന്നീട് അവസരം ലഭിച്ചില്ല. കേരളത്തിലേക്കും വന്നില്ല. അതിക്രമം നേരിട്ടവർ കുറ്രവാളികളുടെ പേര് വെളിപ്പെടുത്തണമെന്നും ശ്രീലേഖ പറഞ്ഞു.
എന്നാൽ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നായിരുന്നു രഞ്ജിത്ത് പ്രതികരിച്ചത്. ശ്രീലേഖ മിത്ര ഒഡീഷന് വന്നിരുന്നു. കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തതുകൊണ്ടാണ് പരിഗണിക്കാത്തതെന്നായിരുന്നു രഞ്ജിത്ത് നൽകിയ വിശദീകരണം.
രഞ്‌ജിത്തിനെതിരെ വന്ന ആരോപണം സംസ്ഥാന സർക്കാരിനുമേൽ കടുത്ത സമ്മർദ്ദമാണ് ചെലുത്തിയത്. ഇടത് മുന്നണിയിലെ വനിതാ നേതാക്കളടക്കം രഞ്‌ജിത്ത് സ്ഥാനത്ത് നിന്നും മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ആര് തെറ്റ് ചെയ്‌താലും സർക്കാർ സംരക്ഷിക്കില്ല എന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു. ആരോപണം തെളിഞ്ഞാൽ നടപടിയുണ്ടാകും എന്നും മന്ത്രി സൂചിപ്പിച്ചിരുന്നു.
Source link