അമ്മ പ്രസിഡന്റിന് പ്രതികരണ ശേഷി നഷ്‌ടപ്പെട്ടു, ഉടയേണ്ട വിഗ്രഹങ്ങൾ ഉടയണമെന്ന് നടൻ ഷമ്മി തിലകൻ

കൊച്ചി: നടൻ സിദ്ദിഖിന്റെ രാജിയെ സ്വാഗതം ചെയ്‌ത് ഷമ്മി തിലകൻ. ഉടയേണ്ട വിഗ്രഹങ്ങൾ ഉടയണം എന്നഭിപ്രായപ്പെട്ട അദ്ദേഹം അമ്മ പ്രസിഡന്റ് മോഹൻലാലിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു. അമ്മ പ്രസിഡന്റിന് പ്രതികരണശേഷി നഷ്‌ടപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്.
‘പ്രസിഡന്റിനാണ് സിനിമ സംഘടനയിൽ സർവാധികാരം.നിയമവിധേയമല്ലാത്തത് എവിടെയും നിലനിൽക്കില്ല. വിഗ്രഹം എന്നത് ആരാധിക്കുന്നവരുടെ വിശ്വാസമാണ് ആ വിശ്വാസം ഇല്ലാതായാൽ അത് ഉടച്ചുകളയണം. ഉപ്പുതിന്നവൻ വെള്ളംകുടിക്കണം. സിനിമയുടെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്നതിനാൽ സിദ്ദിഖ് രാജിവച്ച് ധാർമ്മികത കാട്ടി’ നടൻ സിദ്ദിഖിന്റെ രാജിയെക്കുറിച്ച് ഷമ്മി തിലകൻ പ്രതികരിച്ചു.
തന്റേടത്തോടുകൂടി കാര്യങ്ങൾ സംഘടനയിൽ പറഞ്ഞിട്ടുള്ളയാളാണ് താൻ. പക്ഷെ തനിക്കുപോലും ഇപ്പോൾ ഭയത്തോടെയേ കഴിയാൻ സാധിക്കൂ. താൻ സിനിമയിൽ സജീവമെല്ലെന്നും ഒതുക്കപ്പെട്ടയാളാണെന്നും ഷമ്മി തിലകൻ അഭിപ്രായപ്പെട്ടു.
അതേസമയം അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച സിദ്ദിഖിന്റെ നടപടിയിൽ പ്രതികരിച്ച് സഹതാരങ്ങൾ രംഗത്തുവന്നു. സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വമേധയാ രാജിവയ്‌ക്കുകയായിരുന്നുവെന്നും ജനാധിപത്യപരമായ നീക്കമാണ് ഇതെന്നും നടൻ ടിനി ടോം പ്രതികരിച്ചു. ആരോപണം വന്നാൽ നേതൃസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് അമ്മ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പ്രതികരിച്ചു.സിദ്ദിഖിന്റെ ഔചിത്യം വച്ചാണ് അദ്ദേഹം സ്ഥാനം രാജിവച്ചതെന്നും ജയൻ ചേർത്തല പറഞ്ഞു.
Source link