‘ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീപക്ഷമാണ്’; വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിന്റെ രാജി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. താൻ ഇന്നലെ പറയാത്ത പല കാര്യങ്ങളും ചില മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘സ്ത്രീ വിരുദ്ധനാണ് ഞാന്നെന്ന് പല മാദ്ധ്യമങ്ങളും എഴുതി. എനിക്ക് മൂന്ന് പെൺകുട്ടികളാണ്. എന്റെ വീട്ടിൽ ഭാര്യയും അമ്മയും ഉണ്ട്. സ്ത്രീകൾക്ക് എതിരെ വരുന്ന ഏത് നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് ഞാൻ. ഞാൻ പറഞ്ഞ കാര്യത്തെക്കുറിച്ച് വളരെ മോശമായാണ് ഇന്നലെ ഒരാൾ സംസാരിച്ചത്. സർക്കാർ ഇരയ്‌ക്കൊപ്പമാണ്. വേട്ടക്കാർക്കൊപ്പമല്ല. ഇക്കാര്യത്തിൽ ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പരാതി ലഭിച്ചാൽ നിയമപരമായ നടപടി സ്വീകരിക്കും. രഞ്ജിത്ത് കത്ത് അയച്ചാൽ രാജി സർക്കാർ അംഗീകരിക്കും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീപക്ഷമാണ്. ഞാൻ പറയാത്ത കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. അത് കൊണ്ട് മാദ്ധ്യമങ്ങളോട് സംസാരിക്കാൻ പേടിയാണ്’,- സജി ചെറിയാൻ വ്യക്തമാക്കി.
രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രേഖാമൂലം പരാതി തന്നാൽ മാത്രമേ കേസെടുക്കാൻ പറ്റൂ എന്നും, ഒരു റിപ്പോർട്ടിന്റെയോ ആരോപണത്തിന്റെയോ പേരിൽ കേസെടുക്കാനാകില്ലെന്നുമാണ് സജി ചെറിയാൻ ഇന്നലെ പറഞ്ഞത്.
2009 – 10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞിരുന്നു.
Source link