‘ഒരു സൂപ്പർസ്റ്റാർ എന്നെ കടന്നുപിടിച്ചു, നോ  പറഞ്ഞതിനെ  തുടർന്ന്  അവസരങ്ങൾ  നഷ്ടപ്പെട്ടിട്ടുണ്ട്’; സോണിയ മൽഹാർ

തിരുവനന്തപുരം: 2013ൽ അന്നത്തെ സൂപ്പർസ്റ്റാർ തന്നെ കടന്നുപിടിച്ചെന്ന് നടി സോണിയ മൽഹാർ. 2013ൽ തൊടുപുഴയിലെ സിനിമ ലൊക്കേഷനിൽ വച്ചായിരുന്നു സംഭവമെന്നും സോണിയ ഒരു ഓൺലെെൻ മാദ്ധ്യമത്തോട് പറഞ്ഞു.

‘ഹാസ്യനടന്റെ ഭാഗത്ത് നിന്നും യുവനടന്റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാൻ തുടങ്ങിയ സമയമായിരുന്നു അത്. ഒരു ഓഫീസ് സ്റ്റാഫിന്റെ റോൾ ആയിരുന്നു ആ സിനിമയിൽ. തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയപ്പോൾ അവിടെ നിന്നും വസ്ത്രം തന്നു. ഒരു ഫാം പോലുള്ള സ്ഥലത്തായിരുന്നു സിനിമാഷൂട്ടിംഗ്. ടോയ്‌ലറ്റിൽ പോയി തിരിച്ച് വരുന്ന സമയത്താണ് അയാൾ എന്നെ കടന്നുപിടിച്ചത്. അയാളെ അതിന് മുൻപ് പരിചയമില്ല. യാതൊരു അനുവാദവും കൂടാതെ എന്നെ കയറിപ്പിടിക്കുകയായിരുന്നു.

ആദ്യമായി അഭിനയിക്കാനെത്തിയ ഞാൻ ആകെ പേടിച്ചുപോയി. ലൊക്കേഷനിലെത്തിയപ്പോൾ സംവിധായകൻ ഇതാണ് സിനിമയിലെ ഹീറോ എന്നുപറഞ്ഞ് അയാളെ എനിക്ക് പരിചയപ്പെടുത്തിയിരുന്നു. ആദ്യമായി അവരെയെല്ലാം കണ്ടതിലുള്ള ആശ്ചര്യം എനിക്കുണ്ടായിരുന്നു. വളരെ ആരാധനയോടെ കണ്ടിരുന്ന വ്യക്തിയാണ് പെട്ടെന്ന് എന്നോടിങ്ങനെ മോശമായി പെരുമാറിയത്. ബലമായി എന്നെ പിടിച്ചുവച്ചപ്പോൾ ഞാൻ അയാളെ തള്ളിമാറ്റി. എന്നെ ഇഷ്ടമാണെന്നാണ് അയാൾ പറഞ്ഞത്. അന്ന് ഞാൻ എതിർത്ത് സംസാരിച്ചു. എന്നോട് ഫോൺ സമ്പർ ചോദിച്ചെങ്കിലും ഞാൻ കൊടുത്തില്ല.

വീട്ടിലെത്തി ഭർത്താവിനോട് നടന്ന കാര്യങ്ങൾ പറഞ്ഞിരുന്നു. പിന്നീട് അയാൾ മാപ്പ് പറഞ്ഞു. ഇപ്പോൾ ഇത് തുറന്നുപറയുന്നത് ആളുകൾക്ക് പെൺകുട്ടികളെ ചൂഷ്ണം ചെയ്യാൻ എളുപ്പത്തിൽ കിട്ടും എന്നുള്ള ധാരണ മാറണം എന്നുള്ളതുകൊണ്ടാണ്. കലാകാരികൾക്ക് ആരെയും പേടിക്കാതെ അഭിനയിച്ച് വീട്ടിൽ പോകാൻ കഴിയണം. ഞാൻ പല സിനിമ ലൊക്കേഷനിലും എതിർത്ത് സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സിനിമകൾ കിട്ടാതെ പോയതെന്നും എനിക്കറിയാം. നോ പറഞ്ഞതിനെ തുടർന്ന് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്’, – സോണിയ മൽഹാർ വ്യക്തമാക്കി.


Source link
Exit mobile version