‘പവർ  ഗ്രൂപ്പിനെ  എനിക്ക്  ഭയമില്ല’; അമ്മയ്ക്ക്   പോരായ്മ  ഉണ്ടെങ്കിൽ  കണ്ടെത്തി  തിരുത്തുമെന്ന് ജയൻ  ചേർത്തല

തിരുവനന്തപുരം: താര സംഘടനയായ അമ്മയ്ക്ക് പോരായ്മ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തുമെന്ന് അമ്മ വെെസ് പ്രസിഡന്റ് ജയൻ ചേർത്തല. സംഭവത്തിൽ വിശദീകരണം നൽകുമന്നും അമ്മ ഇരയ്‌ക്കൊപ്പമാണെന്നും ജയൻ ചേർത്തല പറഞ്ഞു. 2019ൽ നടി രേവതി സമ്പത്ത് പരാതി നൽകിയിട്ടും അമ്മ നടപടി സ്വീകരിക്കാത്തത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഒരു പവർ ഗ്രൂപ്പിനെയും എനിക്ക് ഭയമില്ല. പവർ ഗ്രൂപ്പ് ഉണ്ടോയെന്ന് എനിക്ക് അറിയില്ല. അങ്ങനെ ഉണ്ടെങ്കിൽ തന്നെ എനിക്ക് അതിനെ ഭയമില്ല. കൃത്യമായിട്ട് അമ്മയ്ക്ക് പ്രതികരിക്കാൻ സാധിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. സിദ്ദിഖിന് എതിരെ ആരോപണം ഉന്നയിച്ച കുട്ടി നേരത്തെയും രംഗത്തെത്തിയിരുന്നു. അന്ന് പക്ഷേ കൃത്യമായിട്ടൊരു അന്വേഷണത്തിലേക്ക് പോകാൻ കഴിയാതിരുന്നത് വീഴ്ചയാണ്. അമ്മയിൽ മാറ്റങ്ങൾ വരണമെന്നാഗ്രഹിച്ച് മത്സരരംഗത്തേക്ക് ആദ്യമായിട്ട് വന്നയാൾ കൂടിയാണ് ഞാൻ. നമ്മൾ സമൂഹത്തിനെ മുൻനിർത്തിയാണ് ജീവിക്കുന്നത്. രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കും സമൂഹമാണ് ജീവിക്കാനുള്ള പണം നൽകുന്നത്. അതുകൊണ്ട് സമൂഹത്തോട് പ്രതിബന്ധതയുണ്ട്’, -ജയൻ ചേർത്തല പറഞ്ഞു.

ആരോപണം വന്നാൽ നേതൃസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് ജയൻ ചേർത്തല നേരത്തെ പ്രതികരിച്ചിരുന്നു. സിദ്ദിഖിന്റെ ഔചിത്യം വച്ചാണ് അദ്ദേഹം സ്ഥാനം രാജിവച്ചതെന്നും ജയൻ ചേർത്തല പറഞ്ഞു. ആരോപണം ഉയർന്നാൽ ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറി അന്വേഷണം നേരിചുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Source link

Exit mobile version