ശ്രുതി വിപിനും മകൾ ശ്രിയയും
കൊച്ചി: ഡൗൺ സിൻഡ്രോമുള്ള മകൾക്കായി ഉന്നത ജോലി ഉപേക്ഷിച്ച ഒരമ്മ. അവരെ മലയാളികൾ നന്നായറിയും. നടിയും മോഡലുമായ ശ്രുതി വിപിൻ. ഏഴു വയസുകാരി മകൾ ശ്രിയയ്‌ക്ക് വേണ്ടിയാണ് ശ്രുതി മൊബൈൽ കമ്പനിയിലെ ജോലിവിട്ടത്.
ചെന്നൈയിൽ വച്ചാണ് ശ്രുതിക്കും വിപിനും മകൾ ജനിച്ചത്. ആഹ്ലാദത്തിന്റെ നാളുകളിലാണ് മകളുടെ അവസ്ഥ തിരിച്ചറിഞ്ഞത്. ആദ്യം ഞെട്ടലായിരുന്നു. പിന്നീടങ്ങോട്ട് ഉറച്ച മനസോടെ പോരാട്ടം. ജനിതക വൈകല്യത്തെ മറികടന്ന് മകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കണം. ജോലി ഉപേക്ഷിച്ച് ശ്രുതി ശ്രിയക്കൊപ്പം നിന്നു. എൻജിനിയറായ വിപിൻ കൂടെനിന്നു. എറണാകുളത്തേക്ക് താമസം മാറ്റി. കാലടിയിലെ ജീവധാരയിലും മറ്റ് കേന്ദ്രങ്ങളിലും കുഞ്ഞിന് തെറാപ്പി തുടങ്ങി. സ്പീച്ച് തെറാപ്പി ഉൾപ്പെടെ. ക്രമേണ ശ്രിയയിൽ നല്ല മാറ്റങ്ങളുണ്ടായി.
ഇപ്പോൾ കാക്കനാട് അസീസി സ്‌കൂളിലെ യു.കെ.ജി ക്ലാസിലെ മിടുക്കിയാണ് ശ്രിയ. ജിംനാസ്റ്റിക്‌സും നീന്തലും നൃത്തവും എല്ലാം അവൾക്ക് വഴങ്ങും.
ശ്രുതിയിലെ നടി പിറന്നത് ശ്രിയയിലൂടെ
ശ്രുതി ആദ്യം സ്വകാര്യ റേഡിയോ ചാനലിലെ മാർക്കറ്റിംഗ് ജീവനക്കാരിയായിരുന്നു. പിന്നെയാണ് മൊബൈൽ കമ്പനിയിലെത്തിയത്. മകൾക്കു വേണ്ടി ആ ജോലി ഉപേക്ഷിച്ച് കുറേനാൾ കഴിഞ്ഞാണ് മോഡലിംഗിലേക്ക് തിരിഞ്ഞത്. അതിലൂടെ അഭിനയത്തിലേക്കും. പതിനൊന്ന് സിനിമകൾ ചെയ്തു . ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി ആയിരുന്നു ആദ്യ ചിത്രം. ഉയരെ, കാണെക്കാണെ, ആറാം തിരുകല്പന, ബ്ലാക്ക് കോഫി തുടങ്ങിയ സിനിമകളിലെ അഭിനയം ശ്രദ്ധേയമാണ്.
ഇങ്ങനെയുള്ള കുട്ടികൾക്ക് കരുത്ത് പകരുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. കരഞ്ഞിരുന്നാൽ കുഞ്ഞുങ്ങളെ ക്കൂടി ബാധിക്കും. മാതാപിതാക്കളുടെ സന്തോഷവും പിന്തുണയും അവരെ മിടുക്കരാക്കും.
ശ്രുതി വിപിൻ
Source link