ലീഡ് നേടി ബംഗ്ലാദേശ്
റാവൽപിണ്ടി: പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ബംഗ്ലാദേശിനു ലീഡ്. ബംഗ്ലാദേശിനെ വിലകുറച്ചു കണ്ട് 448 റണ്‍സിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത പാക്കിസ്ഥാന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയായിരുന്നു മൈതാനത്തു കണ്ടത്. പാക്കിസ്ഥാന്റെ 448/6 ഡിക്ലയേർഡ് എന്ന ഒന്നാം ഇന്നിംഗ്സിനെതിരേ ബംഗ്ലാദേശ് 565 റണ്‍സ് നേടി. 117 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് സന്ദർശകർ കെട്ടിപ്പൊക്കിയത്. രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ പാക്കിസ്ഥാൻ നാലാംദിനം അവസാനിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 23 റണ്‍സ് എന്ന നിലയിലാണ്.
സെഞ്ചുറി നേടിയ മുഷ്ഫിഖുർ റഹീമാണ് (191) ബംഗ്ലാദേശിനെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ സഹായിച്ചത്. 341 പന്ത് നേരിട്ടായിരുന്നു മുഷ്ഫിഖുറിന്റെ 191 റണ്‍സ്. ഷാദ്മാൻ ഇസ്ലാം (93), മെഹിദി ഹസൻ മിറാസ് (77), ലിറ്റണ്‍ ദാസ് (56), മൊമിനുൾ ഹഖ് (50) എന്നിവർ അർധസെഞ്ചുറി നേടിയിരുന്നു.
Source link