ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിൽനിന്നു ധവാൻ വിരമിക്കൽ പ്രഖ്യാപിച്ചത്. അതേസമയം, ക്ലബ് ക്രിക്കറ്റിൽ തുടരും. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ മികച്ച ഓപ്പണിംഗ് ബാറ്റർമാരിൽ ഒരാളായിരുന്നു ശിഖർ ധവാൻ. “കഥ മുഴുവൻ വായിക്കാൻ പേജ് മറിച്ചുനോക്കണമെന്നൊരു വാക്യമുണ്ട്. ഞാൻ അതാണ് ചെയ്യാൻ പോകുന്നത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുകയാണ് ” -ശിഖർ ധവാൻ പറഞ്ഞു. കരിയറിൽ ഒപ്പം കളിച്ച ടീമംഗങ്ങളോട് നന്ദി പറഞ്ഞ താരം ആരാധകരെ സ്നേഹത്തോടെ സ്മരിച്ചു. ഇന്ത്യക്കുവേണ്ടി 34 ടെസ്റ്റും 167 ഏകദിനവും 68 ട്വന്റി-20യും കളിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റിലാണ് താരം കൂടുതൽ ശോഭിച്ചത്. ഇടംകൈയൻ ഓപ്പണിംഗ് ബാറ്ററായ ധവാൻ, 2022 ഡിസംബറിലാണ് അവസാനമായി ഇന്ത്യക്കുവേണ്ടി കളിക്കുന്നത്. 2010ൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനത്തിലൂടെയാണ് ഇന്ത്യൻ ജഴ്സിയിലെ അരങ്ങേറ്റം. 2011ൽ വെസ്റ്റ് ഇൻഡീസിനെതിരേ ട്വന്റി-20യിലും 2013ൽ ഓസ്ട്രേലിയയ്ക്കെതിരേ ടെസ്റ്റിലും അരങ്ങേറി. ടെസ്റ്റിൽ ഏഴ് സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും ഉൾപ്പെടെ 2315 റണ്‍സ് നേടി.
ഏകദിനത്തിൽ 17 സെഞ്ചുറിയും 39 അർധസെഞ്ചുറിയുമുൾപ്പെടെ 6793 റണ്‍സും ട്വന്റി-20യിൽ 11 അർധസെഞ്ചുറിയുൾപ്പെടെ 1759 റണ്‍സുമുണ്ട്. റിക്കാർഡ്, നേട്ടം പുരുഷ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റത്തിൽ വേഗമേറിയ സെഞ്ചുറി എന്ന റിക്കാർഡ് ധവാന്റെ പേരിലാണ്. 2013, 2017 ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ ടോപ് സ്കോററായിരുന്നു. ഏകദിനത്തിൽ അതിവേഗത്തിൽ 6,000 റണ്‍സ് തികച്ചതിൽ അഞ്ചാം സ്ഥാനത്തുണ്ട്. ഏകദിനത്തിൽ നേടിയ 17 സെഞ്ചുറിയിൽ 12ഉം വിദേശത്തായിരുന്നു എന്നതും ശ്രദ്ധേയം. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റണ്‍സിൽ വിരാട് കോഹ്ലിക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ്. കോഹ്ലിക്ക് 8004ഉം ധവാന് 6769ഉം റണ്‍സുണ്ട്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഫോർ നേടിയ താരമെന്ന റിക്കാർഡ് ധവാന്റെ പേരിലാണ്, 768.
Source link