‘എനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്, വേട്ടക്കാർ ആരായാലും പേരുകൾ പുറത്തുവിടണം’, അൻസിബ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ താര സംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ ഭിന്നത തുടരുന്നു. നടനും ‘അമ്മ’ വൈസ് പ്രസിഡന്റുമായ ജഗദീഷിന്റെ നിലപാടിനെ പിന്തുണച്ച് കൂടുതൽ ഭാരവാഹികൾ മുന്നോട്ട് വരുമെന്നാണ് സൂചന.
വേട്ടക്കാർ ആരായാലും പേരുകൾ പുറത്ത് വരണമെന്നും അഴിക്കുള്ളിൽ ആകണമെന്നും ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ ഹസൻ പറഞ്ഞു. ബംഗാളി നടിയുടെ ആരോപണത്തിൽ ഇരയുടെ ഒപ്പം നിൽക്കുമന്നും തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി വേണമെന്നും അൻസിബ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
കൃത്യമായ തെളിവുണ്ടെങ്കിൽ ആരായാലും ശക്തമായ നടപടിയെടുക്കണമെന്നും അൻസിബ പ്രതികരിച്ചു. ഇരയുടെ കൂടെ നിൽക്കണമെന്ന് മാത്രമേ ചിന്തിക്കുകയുള്ളു. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്രയും സ്ത്രീകൾ പരാതി പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ വസ്തുതയുണ്ടാകും. റിപ്പോർട്ട് ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉത്തരവാദിത്തപ്പെട്ടവർ വേട്ടക്കാരുടെ പേരുകൾ പുറത്തുവിടണമെന്നും അൻസിബ കൂട്ടിച്ചേര്‍ത്തു.
തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മോശം മെസേജ് അയച്ചൊരാൾക്ക് ചുട്ട മറുപടി കൊടുത്തു. മറുപടിയിൽ വിഷയം അവസാനിപ്പിച്ചുവെന്നും പരാതിപ്പെടാൻ പോയില്ലെന്നും അൻസിബ കൂട്ടിച്ചേര്‍ക്കുന്നു.
Source link