‘ആരോപണത്തിന്റെ പേരിൽ കേസെടുക്കില്ല’; ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ് രഞ്ജിത്തെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വസ്തുത പരിശോധിക്കേണ്ടതുണ്ട്. ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണ് വേട്ടക്കാർക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് സർക്കാർ പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രേഖാമൂലം പരാതി തന്നാൽ മാത്രമേ കേസെടുക്കാൻ പറ്റു എന്നും, ഒരു റിപ്പോർട്ടിന്റെയോ ആരോപണത്തിന്റെയോ പേരിൽ കേസെടുക്കാനാകില്ലെന്നും സജി ചെറിയാൻ പറഞ്ഞു. രഞ്ജിത്തിനെ ചുമതലകളിൽ നിന്ന് മാറ്റുന്നതിൽ തീരുമാനമെടുക്കേണ്ടത് സിപിഎം ആണെന്നും സാംസ്കാരിക വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
2009 – 10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു.
സംഭവത്തിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോട് പരാതി പറഞ്ഞിരുന്നു. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറഞ്ഞു.
നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രഞ്ജിത്തിനെ ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയർ പിണറായി സർക്കാറിന്റെ പവർ ഗ്രൂപ്പായി പ്രവർത്തിക്കുന്നുവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. മന്ത്രിയും എംഎൽഎയും ചലച്ചിത്ര അക്കാഡമി ചെയർമാനുമെല്ലാം ഇതിന്റെ ഭാഗമാണ്.
ഇതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിയതെന്നും റിപ്പോർട്ടിലെ ചില ഭാഗങ്ങൾ വെട്ടി മാറ്റിയതിലടക്കം ഇവർക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സർക്കാറിന്റെ ദുരൂഹമായ ഇടപെടലിന് പിന്നിൽ കുറ്റാരോപിതരെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണെന്നും കെപിസിസി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
Source link