തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ബംഗാളി നടി ശ്രീലേഖ മിത്ര വ്യക്തമാക്കി. ബംഗാളിൽ നിന്ന് കേസുമായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്നും കേരളത്തിലെ ആരെങ്കിലും സഹായിച്ചാൽ നടപടിയുമായി മുന്നോട്ടുപോകുമെന്നും ശ്രീലേഖ വ്യക്തമാക്കി. തെറ്റുപറ്റിയെന്ന് സംവിധായകൻ രഞ്ജിത്ത് സമ്മതിക്കണമെന്നും നടി ആവശ്യപ്പെട്ടു.
‘പാലേരിമാണിക്യം’ സിനിമയിൽ അഭിനയിക്കാൻ ബംഗാളിൽ നിന്ന് വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് വളകളിൽ തൊടുന്നതായി ഭാവിച്ച് കൈയിൽ സ്‌പർശിച്ചെന്നും മുടിയിൽ തലോടിയെന്നും കഴുത്തിൽ സ്‌പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നും ഇറങ്ങിയതായും ശ്രീലേഖ മിത്ര പറഞ്ഞിരുന്നു. തുടർന്ന് സിനിമയിൽ അഭിനയിക്കാതെ പിറ്റേന്ന് തന്നെ മടങ്ങിയതായാണ് നടി വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെതിരെ നടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
തന്നെ ലൈംഗികമായി ഉപദ്രവിച്ചില്ലെങ്കിലും അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റമെന്നാണ് നടി പറഞ്ഞത്. അതേസമയം ആളുടെ പേര് പറഞ്ഞാൽ പോര പരാതി ലഭിച്ചാലേ നടപടിയുണ്ടാകൂ എന്നാണ് ആദ്യം സർക്കാർ വ്യക്തമാക്കിയത്. രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിയ്‌ക്ക് പരാതി നൽകിയിരുന്നു. സർക്കാർ വേട്ടക്കാരനൊപ്പമാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്‌ത്തിവയ്‌ക്കാൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ കൂട്ടുനിന്നെന്നും രഞ്ജിത്തും സജി ചെറിയാനും സ്ഥാനമൊഴിയണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.
അതേസമയം തെറ്റ് ചെയ്‌ത ആരെയും പിന്തുണയ്‌ക്കില്ലെന്നും നടിയ്‌ക്ക് പൂർണ പിന്തുണയുണ്ടെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. റിപ്പോർട്ടിന്മേൽ കൂടുതൽ നടപടികൾ ആവശ്യമെങ്കിൽ അത്തരത്തിൽ മുന്നോട്ടുപോകുമെന്നുമാണ് മന്ത്രി അറിയിച്ചത്. ഇതിനിടെ തെറ്റ് ആര് ചെയ്‌താലും സർക്കാർ സംരക്ഷിക്കില്ലെന്നും രഞ്ജിത്തിനെതിരെ ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പാണെന്നും പിന്നാലെ മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
Source link