ബഹിരാകാശ ദിനം ആഘോഷമാക്കി: ഇന്ത്യക്കാരനെ ചന്ദ്രനിൽ ഇറക്കുക അടുത്ത ലക്ഷ്യം

തിരുവനന്തപുരം:ചന്ദ്രനിൽ ആദ്യമായി പേടകം ഇറക്കിയതിന്റെ വിജയസ്മരണയിൽ ഇന്നലെ രാജ്യം ആദ്യ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു. അടുത്ത ലക്ഷ്യം ചന്ദ്രനിൽ ഇന്ത്യക്കാരനെ ഇറക്കുകയാണ്.ഇതിനുള്ള രൂപരേഖ ഇന്നലെ പുറത്തിറക്കി.
ചന്ദ്രയാൻ-3 പേടകത്തിലെ വിക്രം ലാൻഡറും റോവറുമാണ് കഴിഞ്ഞവർഷം ആഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്. ആ സ്ഥലത്തെ ചന്ദ്രനിലെ ശിവശക്തി പോയന്റായും ഈ ദിവസത്തെ ദേശീയ ബഹിരാകാശ ദിനമായും ഇന്ത്യ അന്ന്പ്രഖ്യാപിച്ചു.
ചന്ദ്രയാൻ ദൗത്യങ്ങളിൽ കണ്ടെത്തിയ വിവരങ്ങളും ഫോട്ടോകളും പങ്കുവെച്ചാണ് ഐ.എസ്.ആർ.ഒ. ബഹിരാകാശ ദിനം അവിസ്മരണീയമാക്കിയത്. ബഹിരാകാശ മേഖലയിൽ 2047വരെയുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങളുടെ കലണ്ടറും പുറത്തിറക്കി.
വിജയകരമായി നിറവേറ്റിയ മാർസ് ഓർബിറ്റർ മിഷൻ; ആസ്‌ട്രോസാറ്റ്, ചന്ദ്രയാൻ-2, ചന്ദ്രയാൻ-3 വിക്ഷേപണം; സൂര്യനിലേക്കുള്ള ദൗത്യമായ ആദിത്യഎൽ1; എക്സ്‌പോസാറ്റ്; ഒരു എക്സ്‌റേ ബഹിരാകാശ ദൗത്യം തുടങ്ങി കഴിഞ്ഞ ദശകത്തിൽ കൈവരിച്ച നേട്ടങ്ങളുടെയും ഇനി ചെയ്യാൻ പോകുന്ന ദൗത്യങ്ങളും ഉൾപ്പെട്ടതാണ് സ്‌പേസ് വിഷൻ 2047ന്റെ രൂപരേഖ.
ബഹിരാകാശ ദിനാചരണത്തിന്റെ ദേശീയ ആഘോഷം രാഷ്ട്രപതി ദ്രൗപദി മുർമ്മു ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. കുറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ച് ബഹിരാകാശ ദൗത്യങ്ങളെ ലോകത്തിലെ ഏറ്റവും മികച്ചതാക്കി മാറ്റിയതാണ് ഇന്ത്യയുടെ നേട്ടം. ബഹിരാകാശ ദിനത്തോടനുബന്ധിച്ച് നടത്തിയ ‘റോബോട്ടിക്സ് ചലഞ്ച്’, ‘ഭാരതീയ അന്തരീക്ഷ് ഹാക്കത്തോൺ’ വിജയികൾക്ക് രാഷ്ട്രപതി പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
സ്‌പേസ് വിഷൻ 2047
2028: ചന്ദ്രയാൻ- 4. ചന്ദ്രനിൽ ഇറങ്ങി തിരിച്ചുവരും
2035: ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബി.എ.എസ്) കമ്മിഷൻ ചെയ്യും
2040: ഇന്ത്യക്കാരൻ ചന്ദ്രനിൽ പോയി തിരിച്ചുവരും
2047: ചന്ദ്രനിൽ ഇന്ത്യയ്ക്ക് സ്വന്തമായി ബേസ് സ്റ്റേഷൻ
‘ഈ മേഖലയുമായി ബന്ധപ്പെട്ട് ഭാവി മുന്നിൽ കണ്ടുള്ള ഒട്ടേറെ തീരുമാനങ്ങൾ ഗവൺമെന്റ് എടുത്തിട്ടുണ്ട്, വരുംകാലങ്ങളിൽ നമ്മൾ കൂടുതൽ കാര്യങ്ങൾ ചെയ്യും.’
-പ്രധാനമന്ത്രി നരേന്ദ്രമോദി
(എക്സ് പ്ളാറ്റ്ഫോമിൽ കുറിച്ചത്)
`ചന്ദ്രയാൻ-3ന്റെ വിജയം സൃഷ്ടിച്ച പ്രതിഫലനം വിസ്മയാവഹം. ശാസ്ത്രജ്ഞർപോലും പ്രതീക്ഷിക്കാത്ത സാമൂഹ്യ പ്രചോദനമായി മാറി.’
-ഡോ.എസ്. സോമനാഥ്
ഐ.എസ്.ആർ.ഒ. ചെയർമാൻ
Source link