നേപ്പാളിൽ ബസ് മറിഞ്ഞ് 14 മരണം
കാഠ്മണ്ഡു: ഇന്ത്യയിൽനിന്നു നേപ്പാളിലേക്കു പോയ ബസ് മാർസ്യാംഗ്ദി നദിയിലേക്കു മറിഞ്ഞ് 14 യാത്രക്കാർ മരിച്ചു. ഗോരഖ്പുരിൽനിന്നു കാഠ്മണ്ഡുവിലേക്ക് പൊഖാറ വഴി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു അപകടം. ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള ബസിൽനിന്നു 29 യാത്രക്കാരെ രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ടവരെല്ലാം മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലക്കാരാണ് സ്വദേശികളാണ്. 45 അംഗ സായുധ പോലീസ് വിഭാഗം ഉടനടി രക്ഷാപ്രവർത്തനത്തിനെത്തിയതായി നേപ്പാൾ വ്യക്തമാക്കി. ഇവർക്കു പുറമേ എപിഎഫിലെ 35 സൈനികരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് തനാഹുനിലെ ജില്ലാ പോലീസ് ഓഫീസ് വക്താവ് ഡിഎസ്പി ദീപക് കുമാർ രായ പറഞ്ഞു.
കഴിഞ്ഞ മാസവും സമാനമായ അപകടം നേപ്പാളിലുണ്ടായിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് ബസുകളിലുണ്ടായിരുന്ന 65 പേരാണ് തൃശൂലി നദിയിലെ ഒഴുക്കിൽപ്പെട്ടത്. കാഠ്മണ്ഡുവിൽനിന്നു ഗൗറിലേക്ക് പോയ ബസുകളാണ് അപകടത്തിൽപ്പെട്ടത്. ഇതുവരെ ബസുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അപകടത്തിൽപ്പെട്ട അഞ്ച് ഇന്ത്യക്കാരുടെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്.
Source link