ഡ്യൂറൻഡ് കപ്പ് ക്വാർട്ടറിൽ ബംഗളൂരുവിനോടു പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്
കോൽക്കത്ത: ചിരവൈരികളായ ബംഗളൂരു എഫ്സിക്കു മുന്നിൽ തലകുനിച്ച് കേരള ബ്ലാസ്റ്റേഴ്സ് 2024 ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ പുറത്ത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻതാരം ഹൊർഹെ പെരേര ഡിയസ് ഇഞ്ചുറി ടൈമിൽ (90+4’) നേടിയ ഗോളിൽ 1-0ന് ആയിരുന്നു ബംഗളൂരുവിന്റെ ജയം. കോർണറിനുശേഷം ലഭിച്ച പന്തിൽനിന്നായിരുന്നു ഡിയസ് ബംഗളൂരുവിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ 16 ഗോൾ നേടിയ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം ബംഗളൂരുവിനെതിരേ ഫലം കാണാതിരുന്നതായിരുന്നു സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കണ്ടത്. ഇതോടെ ഡ്യൂറൻഡ് കപ്പ് സെമി ചിത്രം വ്യക്തമായി. സെമിയിൽ മോഹൻ ബഗാനാണ് ബംഗളൂരുവിന്റെ എതിരാളികൾ. നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഷില്ലോംഗ് ലാജോംഗും തമ്മിലാണ് മറ്റൊരു സെമി പോരാട്ടം. ഷൂട്ടൗട്ടിൽ ബഗാൻ നിലവിലെ ചാന്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ക്വാർട്ടറിൽ വിറച്ചെങ്കിലും വീണില്ല. പഞ്ചാബ് എഫ്സിക്കു മുന്നിൽ നിശ്ചിത സമയത്ത് 3-3 സമനില വഴങ്ങിയ ബഗാൻ ഷൂട്ടൗട്ടിലൂടെയാണ് സെമി ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കിയത്. ഷൂട്ടൗട്ടിൽ 6-5നായിരുന്നു ബഗാന്റെ ജയം.
മത്സരത്തിന്റെ 16-ാം മിനിറ്റിൽ ലൂക്കാ മജ്സെന്റെ ഗോളിൽ പഞ്ചാബ് ലീഡ് നേടി. എന്നാൽ, സുഹൈൽ അഹമ്മദ് ഭട്ട് (45’) ആദ്യപകുതിക്കു പിരിയും മുന്പ് മോഹൻ ബഗാനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മൻവീൻ സിംഗിലൂടെ (48’) ബഗാൻ ലീഡ് നേടി. എന്നാൽ, ഫിലിപ്പ് മർസൽജാക്ക് (62’), നോർബെർട്ടോ വിഡാൽ (71’) എന്നിവരുടെ ഗോളുകളിലൂടെ പഞ്ചാബ് ലീഡ് നേടി. ആ ലീഡിന് എട്ടു മിനിറ്റിന്റെ ആയുസ്മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്റ്റീവൻ കമ്മിംഗ്സിന്റെ ഗോളിൽ 79-ാം മിനിറ്റിൽ ബഗാൻ 3-3നു സമനിലയിലെത്തി. പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ അഞ്ച് കിക്ക് കഴിഞ്ഞപ്പോൾ 4-4 സമനിലയായിരുന്നു.
Source link